'THE TOTAL PACKAGE'; ഒന്നും രണ്ടും അല്ല ഒരൊറ്റ സീസണിൽ വൈഭവ് വാരികൂട്ടിയത് അഞ്ച് അവാർഡുകൾ

ഈ സീസണിൽ 776 റൺസ് നേടിയാണ് വൈഭവ് സൂര്യവംശി റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്

2026 ഐപിഎൽ സീസണിൽ ഏവരെയും ത്രസിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തെടുത്തത്. ആരാധകരെപോലെ തന്നെ പല മുൻ ഇതിഹാസ താരങ്ങളെയും വൈഭവ് തന്റെ അത്യുഗ്രൻ ബാറ്റിംഗ് മികവുകൊണ്ട് അമ്പരപ്പിച്ചു. ഒടുവിൽ ഒന്നും രണ്ടും ഒന്നുമല്ല, ഈ സീസൺ അവസാനിക്കുമ്പോൾ അഞ്ച് അവാർഡുകളാണ് പതിനഞ്ചുകാരനെ തേടിയെത്തിയത്.

ഈ സീസണിൽ 776 റൺസ് നേടിയാണ് വൈഭവ് സൂര്യവംശി റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും അടങ്ങുന്നതെയായിരുന്നു താരത്തിന്റെ ഈ സീസണിലെ പ്രകടനം. 72 സിക്സറുകളോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചു. വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് താരം ഈ നേട്ടത്തിലൂടെ പഴങ്കഥയാക്കിയത്. കൂടാതെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ (MVP), എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ, സൂപ്പർ സിക്സസ് ഓഫ് ദി സീസൺ അവാർഡുകളും താരം നേടി.

സീസണിലെ രാജസ്ഥാൻ റോയൽസിന്റെ വിജയങ്ങളിൽ വൈഭവന്റെ പ്രകടനം ഏറെ നിർണായകമായിരുന്നു. പല ബാറ്റർമാരുടെയും പേടിസ്വപ്നങ്ങളായ ബൗളർമാരെ നിർഭയം നേരിടുന്ന വൈഭാവിനെ ആയിരുന്നു സീസണിൽ കണ്ടത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, നെറ്റ്സിൽ ജോഫ്രെ ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം വൈഭവ് വെള്ളം കുടിപ്പിച്ചിരുന്നു.

Content highlight: IPL 2026: Vaibhav Sooryavanshi's awards

To advertise here,contact us