ആര്‍സിബിക്ക് വൻ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് ജേക്കബ് ബെതല്‍ IPL ൽ നിന്ന് പുറത്ത്

പരിക്കേറ്റ ഇടംകയ്യന്‍ ബാറ്റര്‍ ജേക്കബ് ബെഥേല്‍ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി.

ഐ പിഎല്‍ 2026 പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വന്‍ തിരിച്ചടി. പരിക്കേറ്റ ഇടംകയ്യന്‍ ബാറ്റര്‍ ജേക്കബ് ബെഥേല്‍ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആര്‍സിബിയുടെ അവസാന ലീഗ് മത്സരം ബെഥേലിന് നഷ്ടമായിരുന്നു. താരം കൂടുതല്‍ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ആര്‍സിബിക്ക് നിര്‍ണായക സമയത്താണ് ഈ തിരിച്ചടി.

പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിനിടെ ഡൈവ് ചെയ്ത് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതാരമായ ബെഥേലിന്റെ വിരലിന് പരിക്കേറ്റത്., ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തുടര്‍ചികിത്സകള്‍ക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്ന് പ്രസ്താവനയില്‍ ആര്‍സിബി വ്യക്തമാക്കി.

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കളിക്കാരനെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍സിബി മാനേജ്മെന്റുമായി ധാരണയിലെത്തിയതായി ഇസിബി അറിയിച്ചു.

ജൂണ്‍ 4ന് ലോര്‍ഡ്സില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീം തിരഞ്ഞെടുപ്പില്‍ ബെഥേലിനെ പരിഗണിക്കാന്‍ സാധിക്കുമോ എന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ സംഘം വിലയിരുത്തും.

content highlights:jacob bethell ruled out of ipl 2026 playoffs due to injury rcb

To advertise here,contact us