'ഈ ബൗളര്‍മാര്‍ അല്‍പം കഠിനം'; തുറന്നു പറഞ്ഞ് വിരാട് കോഹ്ലി, ആരൊക്കെയാണ് അവര്‍?

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും നേരിടാന്‍ ബുദ്ധിമുട്ടുള്ള ബൗളര്‍മാരുടെ പേരുകളാണ് കോഹ്ലി വെളിപ്പെടുത്തിയത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണ്..? ചോദ്യം ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോഹ്ലിയോടാണ്. ബാറ്റിങ്ങില്‍ വിസ്മയം കാണിക്കുന്ന കോഹ്ലി അതിന് മറുപടി പറഞ്ഞു, ഒന്നല്ല, മൂന്നുപേര്‍. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വ്യത്യസ്തരായ മൂന്നുപേരാണ് ഉള്ളതെന്നാണ് താരം പറയുന്നത്. ആര്‍സിബി ഇന്നൊവേഷന്‍ ലാബ് നടത്തിയ സ്‌പോര്‍ട്‌സ് ഉച്ചകോടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഇതിഹാസതാരം ജെയിംസ് ആന്‍ഡേഴ്‌സന്റെ പേരാണ് പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആന്‍ഡേഴ്‌സണിന് മുന്നില്‍ എട്ടുതവണ വിരാട് കോഹ്ലി വിക്കറ്റുനല്‍കി മടങ്ങിയിട്ടുണ്ട്. ഏകദനക്രിക്കറ്റില്‍ ആദില്‍ റഷീദിനെയാണ് കോഹ്ലി ചൂണ്ടിക്കാട്ടിയത്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ അഞ്ചുതവണ വിരാട് കോഹ്ലി ഇംഗ്ലീഷ് താരം ആദില്‍ റഷീദിന്റെ പന്തുകള്‍ക്ക് മുന്നില്‍ വീണു. ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് താരമാണ് വെല്ലുവിളിയുയര്‍ത്തുന്നത്. ഓള്‍റൗണ്ടര്‍ താരമായ സുനില്‍ നരെയ്‌ന്റെ പേരാണ് കോഹ്ലി പറഞ്ഞത്. നാലുതവണയാണ് സുനില്‍ നരെയ്‌ന് മുന്നില്‍ കോഹ്ലി വീണത്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് സുനില്‍ നരെയ്ന്‍.

അതേസമയം, ഐപിഎലില്‍ മികച്ച പ്രകടനം തുടരുകയാണ് വിരാട് കോഹ്ലി. ഈ സീസണില്‍ ഇതുവരെ 13 കളികളില്‍നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. 542 റണ്‍സാണ് ഇതുവരെ നേടിയത്. താരത്തിന്റെ പ്രകടന മികവില്‍ ആര്‍സിബി ഇത്തവണ ആദ്യംതന്നെ പ്ലേ ഓഫ് ഉറപ്പാക്കുന്ന ടീമായി മാറി. ഓറഞ്ച് ക്യാപിനുള്ള പട്ടികയില്‍ ആറാം സ്ഥാനത്താണ് വിരാട് കോഹ്ലി. മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ ഓറഞ്ച് ക്യാപ് തൂക്കാനും അദ്ദേഹത്തിനാകും.

content highlights: 'These Bowlers Are a Bit Tough'; Virat Kohli Opens Up, Who Are They?

To advertise here,contact us