സഞ്ജു സാംസണിന്റെ കളിയെ മാത്രമല്ല, ക്യാപ്റ്റന്‍സിയും ചെന്നൈയ്ക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട് ഒട്ടേറപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ഒടുവിലത്തേതാണ് മുന്‍ ക്രിക്കറ്റ് താരം മനോജ് തിവാരിയുടെ അഭിപ്രായം. റുതുരാജ് ഗെയ്ക്വാദ് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും തിളങ്ങാതെ പോയതിന് പിന്നാലെയാണ് ആവശ്യമുയര്‍ത്തി മനോജ് തിവാരി രംഗത്തെത്തിയത്. 'റുതുരാജ് ഗെയ്ക്വാദ് ധോണിയുടെ സ്ഥാനം നികത്തുമെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹത്തിന് അത് സാധിച്ചില്ല. അദ്ദേഹം തന്റെ മത്സരങ്ങളെ കൃത്യമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. വിപുലമായി നിരീക്ഷണങ്ങള്‍ നടത്തി അദ്ദേഹം എവിടെയാണ് ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും മെച്ചപ്പെടുത്തേണ്ടത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ അടുത്ത സീസണില്‍ സഞ്ജു സാംസണെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനായി പരിഗണിക്കേണ്ടത്. ഒരു ക്യാപ്റ്റന്‍ സ്വയം സ്കോര്‍ ചെയ്യുമ്പോള്‍ മാത്രമേ മത്സരം പോസിറ്റീവ് ആകൂ. റുതുരാജ് ഗെയ്ക്വാദ് റണ്സെടുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബാറ്റില്‍നിന്നുള്ള റണ്‍സൊഴുക്ക് കുറവാണെന്നും' തിവാരി പറയുന്നു.
ഈ സീസണിലെ 13 മത്സരങ്ങളില്‍നിന്ന് റുതുരാജ് ഗെയ്ക്വാദ് 321 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. നിര്‍ണായകമായ പല ഘട്ടങ്ങളിലും റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും മോശം പ്രകടനമായിരുന്നു റുതുരാജ് ഗെയ്ക്വാദിന്റേത്. 'ഇപ്പോള്‍ ധോണിയില്ലാതെയും മത്സരങ്ങള്‍ ജയിക്കാനറിയുന്ന ടീമാണ് ചെന്നൈ. എന്നാല്‍ മികച്ച ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ ടീമിന് ഗുണകരമാകും. അതിന് സഞ്ജു സാംസണ് ഓപ്ഷനാണ്. രാജസ്ഥാന് റോയല്‍സിനെ നയിച്ചപ്പോള്‍ ക്യാപ്റ്റന്‍സി മികവ് തെളിയിച്ച താരമാണ് സഞ്ജുവെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റര്‍മാര്‍ക്കും ബൗളിങ് നിരയ്ക്കും കാര്യമായി തിളങ്ങാനായില്ല. ചെന്നൈ നിരയില്‍ ഡെവാള്‍ഡ് ബ്രെവിസും (44), കാര്‍ത്തിക് ശര്‍മയും (32) പിടിച്ചുനിന്നു. സഞ്ജു സാംസണ് (27), ശിവം ദുബെ (26) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ഉര്‍വില്‍ പട്ടേല്‍ എന്നിവര്‍ നിരാശപ്പെടുത്തി. ബൗളര്‍മാരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ല. അന്‍ഷുല്‍ കംബോജ് സ്കോര്‍ വഴങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.
content highlights: Former player says Sanju should be made captain; Will Chennai be ready for a crucial change next year?