ഐപിഎല്ലിനിടെ ഡ്രസ്സിങ് റൂമിൽ വെച്ച് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാൻ നായകൻ റിയാൻ പരാഗിനെതിരെ നടപടിയെടുത്ത് ബിസിസിഐ. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് ബോർഡ് താരത്തിന് കനത്ത പിഴ ശിക്ഷയായി വിധിച്ചു. മാച്ച് ഫീയുടെ 25% ആണ് പിഴയായി വിധിച്ചത്. രാജസ്ഥാൻ നായകൻ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.
മാച്ച് ഫീയുടെ 25% തുക പിഴശിക്ഷയ്ക്ക് പുറമേ ഒരു ഡിമെറിറ്റ് പോയന്റും ചുമത്തിയതായി ബിസിസിഐ അറിയിച്ചു. താരങ്ങൾക്കും ടീം ഒഫീഷ്യലുകൾക്കുമുള്ള പെരുമാറ്റചട്ടത്തിലെ ലെവൽ 1 ലംഘിച്ചതായാണ് ബിസിസിഐ കണ്ടെത്തിയത്.
മത്സരത്തിന് കളങ്കം വരുത്തുന്ന നടപടിയാണ് പരാഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തൽ. പിഴയ്ക്ക് പുറമേ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും താരത്തിന് നൽകി.
ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ചതിന് പിന്നാലെയാണ് പരാഗ് വിവാദത്തിൽ അകപ്പെട്ടത്. ഡ്രസ്സിങ് റൂമിൽ നിന്ന് ഇ-സിഗരറ്റ് വലിച്ചതാണ് വിവാദമായത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. രാജസ്ഥാൻ ഇന്നിങ്സിന്റെ 16-ാം ഓവറിലാണ് സംഭവം.
മത്സരം നടന്നുകൊണ്ടിരിക്കേ ഡ്രസ്സിങ് റൂമിൽ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ സംഭവം വൻ ചർച്ചയായി മാറി. 14-ാം ഓവറിൽ പുറത്തായി മടങ്ങിയതിന് പിന്നാലെയാണ് താരം ഇ-സിഗരറ്റ് വലിച്ചത്.
നേരത്തേ ഡഗൗട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദർക്കെതിരേ നടപടിയെടുത്തിരുന്നു. ഒരു ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാൻ നായകനും സമാനമായ നടപടിക്ക് വിധേയമാകുന്നത്.
Content highlights: riyan parag e cigarette controversy bcci-fines demerit points ipl 2026