2026 ഐപിഎല്ലിൽ ത്രസിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണര്‍ വൈഭവ് സൂര്യവംശി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. തന്റെ പ്രകടനം കൊണ്ട് പല മുൻ ഇതുഹാസ താരങ്ങളെയും സീനിയർ താരങ്ങളെയും ഇതിനോടകം തന്നെ ആ പതിനഞ്ചുകാരൻ അത്ഭുതപ്പെടുത്തി കഴിഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തില്‍ വെറും 16 പന്തില്‍ നിന്നായിരുന്നു 43 റണ്‍സ് അടിച്ചുകൂട്ടിയത്. സൂര്യവംശിയുടെ ആ പ്രകടനത്തെ 'ഒരു സിനിമാ കാഴ്ച' എന്നായിരുന്നു ഇന്ത്യന്‍ മുൻ താരം ചേതേശ്വര്‍ പുജാര വിശേഷിപ്പിച്ചത്.
'വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനം കാണുന്നത് ഒരു സിനിമ കാണുന്നത് പോലെയാണ്. ഒട്ടും ഭയമില്ലാതെ ഓരോ ബൗളര്‍മാരെയും അവൻ നേരിടുന്ന രീതി അത്ഭുതകരമാണ്. പന്തിനെ വീക്ഷിക്കുന്നു, അത് അടിച്ചുപറത്തുന്നു. അവന് ആക്രമിക്കുമെന്ന് എതിരാളികള്‍ക്ക് അറിയാമെങ്കില്‍ പോലും അത് തടയാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം', പുജാര പറഞ്ഞു.
തോൽവി എന്തെന്ന് അറിയാതെയുള്ള പഞ്ചാബ് കിംഗ്സ് കുതിപ്പ് തുടരുമെന്ന് കരുതിയിരുന്നിടത്തായിരുന്നു സൂര്യവംശി കളിയുടെ ഗതി തന്നെ മാറ്റിയത്. പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആർആറിന് സൂര്യവംശിയുടെ പവര്‍പ്ലേയിലെ വെടിക്കെട്ടായിരുന്നു ആത്മവിശ്വാസം പകർന്നത്. പവര്‍പ്ലേയില്‍ തന്നെ പഞ്ചാബിന്റെ ബൗളിംഗ് പ്ലാനുകളെ തകിടം മറിക്കാന്‍ ആ പന്തിനഞ്ചുകാരന് സാധിച്ചിരുന്നു. മികച്ച അടിത്തറ പണിയാൻ വൈഭവൻ സാധിച്ചതോടെ ശേഷം വന്ന ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. വൈഭവിനൊപ്പം സഹഓപ്പണർ യശസ്വി ജയ്സ്വാളും മികച്ച ഫോമിലായത് രാജസ്ഥാന് വലിയ കരുത്ത് തന്നെയാണ്.
Content highlight: Cheteshwar Pujara praises Vaibhav Sooryavanshi batting