ഡല്‍ഹി ക്യാപിറ്റല്‍സ് അവസാനം കളിച്ച രണ്ടുമത്സരവും സ്വന്തം തട്ടകമായ ദില്ലിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരായിരുന്നു മത്സരം. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 264 എന്ന കൂറ്റന്‍ സ്കോറെടുത്തു. പക്ഷെ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് അത് മറികടന്നെങ്കിലും ഡല്‍ഹിയുടെ ഇന്നിങ്സ് കൈയടി നേടിയിരുന്നു. കെഎല്‍ രാഹുലിന്റെ സെഞ്ചുറി നേട്ടമാണ് ക്യാപിറ്റല്‍സിനെ വന്‍ സ്കോറിലേക്ക് നയിച്ചത്. 67 പന്തില്‍ ഒമ്പത് സിക്സും 16 ഫോറും ഉള്‍പ്പടെയാണ് 152 റണ്‍സെടുത്ത് താരം കളിയിലെ താരമായത്. നിതീഷ് റാണയും 91 റണ്‍സെടുത്ത് കൂട്ടുനിന്നു. രണ്ടാം വിക്കറ്റിലെ രാഹുല്‍-നിതീഷ് കൂട്ടുകെട്ട് 220 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. വെറും 96 പന്തിലായിരുന്നു നേട്ടം.
കൂറ്റന്‍ സ്കോറിലേക്കുള്ള യാത്രയില്‍ ഡല്‍ഹിക്കായി തിളങ്ങാതെ പോയത് പതും നിസ്സങ്കയാണ്. ഡേവിഡ് മില്ലര്‍ കളിക്കാനിറങ്ങിയെങ്കിലും കാര്യമായി സ്ട്രൈക്ക് ലഭിച്ചില്ല. പക്ഷെ, അന്ന് ഡല്‍ഹിയുടെ ബൗളര്‍മാര്‍ കാര്യമായി അടി വാങ്ങി. നേരത്തെ പഞ്ചാബ് ബൗളര്‍മാരും ഡല്‍ഹി താരങ്ങളുടെ ബാറ്റിങ് പ്രഹരമേറ്റിരുന്നു. പഞ്ചാബ് കിങ്സിനുവേണ്ടി പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന് സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തകര്‍ത്താടി. ജയം പഞ്ചാബിന്റെ വരുതിയിലായി.
അന്ന് പക്ഷെ, ഡല്‍ഹി നേടിയത് കൈയടികളാണ്. ഒരുപക്ഷെ തോറ്റിട്ടും കൈയടി നേടിയത് ബാറ്റിങ്ങിലെ മികവ് കൊണ്ടുതന്നെയായിരുന്നു. കെഎല്‍ രാഹുലിന്റെ പ്രകടനം ഏറെ പ്രശംസിച്ചത് മുതിര്‍ന്ന താരങ്ങളുള്പ്പടെയാണ്. എന്നാല്‍ തൊട്ടടുത്ത മത്സരത്തിലേക്കെത്തുമ്പോഴേക്ക് ടീമിന് എന്തുപറ്റിയെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. 16.3 ഓവര്‍ വരെ കളിച്ച ടീമിന് ആകെ നേടാനായത് വെറും 75 റണ്‍സ്. ജോഷ് ഹേസല്‍വുഡിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും സ്പെല്ലുകള്‍ക്കിടയില്‍ ഡല്‍ഹി ആടിയുലഞ്ഞു. ഹേസല്‍വുഡ് നേടിയത് നിര്‍ണായകമായ നാലുവിക്കറ്റ്. ഭുവനേശശ്വര് കുമാറും മൂന്നുവിക്കറ്റ് വീഴ്ത്തി. കെഎല്‍ രാഹുല്‍, നിതീഷ് റാണ, സമീര്‍ റിസ് വി, അഭിഷേക് പൊറെല്‍ എന്നിവരുടെ വിക്കറ്റാണ് ഹേസല്‍വുഡ് വീഴ്ത്തിയത്. ഇതോടെ ഡല്‍ഹിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നിരുന്നു. കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ സഹില്‍ പരാഖിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍, ട്രിസ്റ്റന്‍ സ്റ്റബ്സിനെയും അക്സര്‍ പട്ടേലിനെയും മടക്കി. ഒരുഘട്ടത്തിലും പൊരുതാനാകാതെ വിഷമിച്ച ഡല്‍ഹിയെ നാണക്കേടില്‍നിന്ന് ഒഴിവാക്കിയത് അഭിഷേക് പൊറലിന്റെയും ഡേവിഡ് മില്ലറിന്റെയും ഇന്നിങ്സാണ്. അഭിഷേക് 30 റണ്‍സും മില്ലര്‍ 19 റണ്‍സുമെടുത്തു. ഇതോടെ വന്‍നാണക്കേടില്‍നിന്ന് ഡല്‍ഹി രക്ഷപ്പെട്ടു.
സ്ഥിരതയില്ലാത്ത പ്രകടനമാണ് ഡല്‍ഹിക്ക് വിനയായത്. വലിയൊരു ബാറ്റിങ് നിരയുണ്ടായിട്ടും അവര്‍ക്ക് ഒന്നും ചെയ്യാനായില്ല എന്നത് വരാനിരിക്കുന്ന മത്സരങ്ങളെയും ബാധിച്ചേക്കും. ഗ്രൗണ്ടില്‍ ശ്രദ്ധയോടെ കളിക്കേണ്ടതിന്റെ ആവശ്യകതയും ഉയരുന്നുണ്ട്.
content highlights: Same stadium, what happened to the Capitals?