റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ദില്ലിയിലെ മത്സരം ഡല്‍ഹി ക്യാപിറ്റല്‍ മറക്കണമെങ്കില്‍ ചില കണക്കുകള്‍കൂടി പേരില്‍നിന്ന് മായണം. അഥവാ നാണക്കേടുണ്ടാക്കിയ ചില റെക്കോഡുകള്‍. അതില്‍ പ്രധാനമാണ് പവര്‍പ്ലേയിലെ കുഞ്ഞന്‍ സ്കോര്‍. പവര്‍പ്ലേയില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എടുത്തത് വെറും 13 റണ്‍സ് മാത്രം.
തൊട്ടുമുമ്പുള്ള മത്സരത്തില്‍ ഇതേ സ്റ്റേഡിയത്തില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ പവര്‍പ്ലേയില്‍ 68 റണ്‍സെടുത്ത ടീമാണ് ഇതെന്ന് ഓര്‍ക്കണം. തകര്‍ന്നടിഞ്ഞുപോയ മുന്‍നിരയാണ് ഡല്‍ഹിക്ക് നാണക്കേട് സമ്മാനിച്ചത്. പക്ഷെ, ആര്‍സിബിയുടെ തിരിച്ചടിയില്‍ അവര്‍ പവര്പ്ലേയിലെടുത്ത സ്കോര്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ്. വിജയത്തിനടുത്തെത്തിയ ടീമിന് പിന്നീട് മധ്യഓവറുകളിലേക്ക് കാര്യമായി കടക്കേണ്ടിവന്നില്ല. മധ്യഓവറുകളില്‍ വെറും 12 റണ്‍സ് എടുത്തപ്പോഴേക്കും മത്സരം അവസാനിച്ചു. ഇതിനിടെ ഏഴു സിക്സറുകളാണ് ആര്‍സിബി അടിച്ചെടുത്തത്.
പവര്‍പ്ലേയിലെ കുഞ്ഞന്‍ സ്കോറുകളില്‍ മറ്റുടീമുകളുമുണ്ട്. 2009-ല്‍ രാജസ്ഥാന് റോയല്‍സ്, ആര്‍സിബിക്കെതിരെ പവര്‍പ്ലേയില്‍ സ്കോര്‍ ചെയ്തത് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 14 സ്കോര്‍ എന്നായിരുന്നു. 17 വര്‍ഷം പേരിലുണ്ടായിരുന്ന നാണക്കേടാണ് രാജസ്ഥാനെ വിട്ടൊഴിഞ്ഞത്. 20 റണ്‍സിന് താഴെയുള്ള പവര്‍പ്ലേ സ്കോറുകള്‍ മറ്റു ചില ടീമുകളുടെ പേരിലുമുണ്ട്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടിയ 14 റണ്‍സ്, രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടിയ 15 റണ്‍സ്, ഒരുവിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടിയ 16 റണ്‍സ് തുടങ്ങിയവ. ഇതെല്ലാം പവര്‍പ്ലേയിലെ കുഞ്ഞന്‍ സ്കോറുകളുടെ ഗണത്തില്‍പ്പെട്ടതാണ്. പക്ഷെ, ആറുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹിയുടെ 13 റണ്‍സ് എന്നത് കൂടുതല്‍ കാലം അവരുടെ പേരില്കിടന്നാലും അത്ഭുതപ്പെടാനില്ല. അത്രവലിയ തകര്‍ച്ചയായിരുന്നു കഴിഞ്ഞദിവസം ദില്ലിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ കണ്ടത്.
content highlights: What a shame! The record for the lowest score in the IPL powerplay now belongs to this team