പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്സിനായി ബാറ്റ് വീശുന്ന താരമാണ് ഓസ്ട്രേലിയൻ താരമായ ഡേവിഡ് വാർണർ. ടീം ക്യാപ്റ്റൻ കൂട്ടിയായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗും ഉപേക്ഷിച്ച് പാകിസ്താൻ സൂപ്പർ ലീഗിലേക്കാണ് ചേക്കേറിയത്. എന്നാൽ, അതിനിടെ പിഎസ്എല്‍ നിർത്തി ഐപിഎല്‍ കളിക്കാന്‍ വരാൻ വർണറോട് ആവശ്യപ്പെടുന്ന ആരാധകനും അതിന് വാർണർ നൽകുന്ന മറുപടിയുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാകുന്നത്.
പാകിസ്താൻ സൂപ്പർ ലീഗിൽ വാർണർ നയിക്കുന്ന കറാച്ചി കിംഗ്സ് പ്ലേഓഫ് പോലും കാണാനാകാതെ പുറത്തായതിന് പിന്നാലെയായിരുന്നു ആരാധകൻ കമന്റുമായി എത്തിയത്. 'പിഎസ്എല്ലിനേക്കാള്‍ നിങ്ങള്‍ക്ക് യോജിക്കുന്നത് ഐപിഎല്‍ ആണ്. ഐപിഎല്‍ മത്സരങ്ങൾ കളിക്കാനായി തിരിച്ച് വരൂ', ഇതായിരുന്നു വർണറിന് മുന്നിലേക്ക് ആരാധകന് വച്ച ആവശ്യം. എന്നാല്‍ 'അതിന്റെ ആവശ്യമില്ല' എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് വാര്‍ണര്‍ ആരാധകന് നൽകിയത്.
അതേസമയം വാര്‍ണറോടുള്ള ആരാധകന്റെ ചോദ്യത്തെ ചില ആരാധകര്‍ എതിർത്തും രംഗത്തെത്തുന്നുണ്ട്. 'എവിടെ കളിക്കണം എന്നത് വാര്‍ണറുടെ ചോയ്സല്ലേ' എന്നതാണ് അവരുടെ വാദിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച റണ്‍സ് റെക്കോര്‍ഡുള്ള താരമാണ് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കന്നി ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകന് കൂടിയാണ് ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ നാലാം സ്ഥാനത്തുള്ളതും വാർണറുടെ പേരാണ്. 6565 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
Content highlight: David Warner one word reply to fan about IPL comeback