ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ വിജയവുമായി കംബാക്ക് നടത്തിയ മുംബൈ ഇന്ത്യൻസിന് മറ്റൊരു സന്തോഷ വാർത്ത. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് ടീമിന്റെ സ്റ്റാർ ഓൾ റൗണ്ടർ ഇംഗ്ലണ്ടിന്റെ വിൽ ജാക്സ് തിരിച്ചെത്തും. സി എസ് കെ യ്ക്കെതിരെ താരം കളിച്ചേക്കും.
കഴിഞ്ഞ തവണ മുംബൈ നിരയിൽ കളിച്ച വിൽ ജാക്സിനെ 5.25 കോടിയ്ക്കാണ് മുംബൈ നിലനിർത്തിയത്. എന്നാൽ ആദ്യ ആറ് മത്സരത്തിലും താരം കളിച്ചിരുന്നില്ല.
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വിൽ ജാക്സ്. നാല് മത്സരങ്ങളിൽ താരം പ്ലെയർ ഓഫ് ദി മാച്ചായിരുന്നു. 226 റൺസും 9 വിക്കറ്റുകളും താരം ലോകകപ്പിൽ നേടി. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതിലും താരം നിർണായകമായി. ലോകകപ്പിനു ശേഷം താരം വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ സീസണിൽ മുംബൈക്കായി 13 മത്സരങ്ങളാണ് വിൽ ജാക്സ് കളിച്ചത്. 233 റൺസും ആറ് വിക്കറ്റും നേടിയിരുന്നു. ലേലത്തിനു മുൻപ് താരത്തെ നിലനിർത്തുകയായിരുന്നു. താരം കൂടി എത്തുന്നതോടെ മുംബൈയുടെ മുന്നോട്ടുള്ള പോക്ക് കൂടുതൽ സുഗമമാകും.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ ഗുജറാത്തിന് 15.5 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമേ നേടാനായുള്ളൂ.
ഈ കൂറ്റൻ ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്കായി. യുവതാരങ്ങളുടെ കരുത്തിൽ മുംബൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Content highlights: will-jacks-joins-mumbai-indians-squad-ahead-of-csk-match-ipl-2026