ഒരേ സമയം രണ്ട് ടീമുകൾ; നയിക്കാൻ ശ്രേയസ് അയ്യരും; അരങ്ങേറാൻ വൈഭവും

ഇന്ത്യൻ ക്രിക്കറ്റിൽ ഐ പി എൽ ആവേശം പൊടിപൊടിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റിൽ ഐ പി എൽ ആവേശം പൊടിപൊടിക്കുകയാണ്. ഐ പി എല്ലിലെ മിന്നും പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കെത്താൻ കാത്തിരിക്കുന്ന യുവതാരങ്ങൾ ഏറെയാണ്.

കൗമാരതാരം വൈഭവ് സൂര്യവംശിയടക്കം ഒട്ടേറെ താരങ്ങൾ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളിയും കാത്തിരിപ്പാണ്. ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്നവരെല്ലാം സെലക്ടർമാരുടെ റഡാറിലുമുണ്ട്. പ്രതിഭകളുടെ ധാരാളിത്തമാണ് സെലക്ടർമാരെ കുഴക്കുന്നത്. അതിനാൽ ബിസിസിഐ പുതിയ ഫോർമുല നടപ്പാക്കാനൊരുങ്ങുന്നതായാണ് വിവരം.

ടി20 ക്രിക്കറ്റിൽ 30 മുതൽ 35 പേരടങ്ങുന്ന സംഘത്തെ തിരഞ്ഞെടുക്കാൻ ബിസിസിഐ പദ്ധതിയിടുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ സംഘത്തെ രണ്ട് ടീമുകളായി തരംതിരിച്ച് കളിപ്പിക്കാനാണ് നീക്കം.

ഒരേസമയം ഒന്നിലധികം മത്സരങ്ങൾ വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഏഷ്യൻ ഗെയിംസ്, ടി20 പരമ്പരകൾ എന്നിങ്ങനെ ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഒട്ടേറെ മത്സരങ്ങൾ ഈ വർഷമുണ്ട്. മാത്രമല്ല, പുതിയ താരങ്ങൾക്ക് അവസരവും ലഭിക്കും.

യുവതാരങ്ങളുടെ ഒരുനിര തന്നെ ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്ത് പുറത്തിരിപ്പുണ്ട്. ബാറ്റിങ്ങിൽ വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ, അങ്ക്രിഷ് രഘുവംശി എന്നിവർ മിന്നും ഫോമിലാണ്. ബെംഗളൂരു നായകൻ രജത് പാട്ടിദാർ, ആയുഷ് ബദോനി എന്നിവരും സെലക്ടർമാരുടെ റാഡാറിലുണ്ട്. ഓൾറൗണ്ടർ സ്ഥാനത്തേക്ക് ശശാങ്ക് സിങ്, അനുകുൾ റോയ് തുടങ്ങിയ കളിക്കാർക്ക് അവസരങ്ങൾ ലഭിച്ചേക്കാം.

ബൗളിങ് വിഭാഗത്തിലാകട്ടെ യുവത്വവും അനുഭവസമ്പത്തും ചേർന്ന ഒട്ടേറെപ്പേരുണ്ട്. സ്പിന്നർ രവി ബിഷ്‌ണോയി, ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, കാർത്തിക് ത്യാഗി എന്നിവരെ ടീമിലെടുത്തേക്കാം. കീപ്പറായി ധ്രുവ് ജുറേൽ മികച്ച ഓപ്ഷനാണ്. നിലവിലെ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഈ ടീമിന്റെ ക്യാപ്റ്റനായി എത്തിയേക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത്തരത്തിൽ മികച്ച 35 പേരെയാണ് ബിസിസിഐ പരിഗണിക്കുന്നത്.

Content highlights:bcci two india t20 teams shreyas iyer captain vaibhav sooryavanshi debut

To advertise here,contact us