കോഹ്‌ലിയോടും രോഹിത്തിനോടും ‘NO‘ പറയാൻ ചങ്കൂറ്റമുള്ള ഒരേയൊരാൾ; ​ഗംഭീറിനെ ഒഴിവാക്കരുതെന്ന് മുനാഫ് പട്ടേൽ

‘കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം'

ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻഖെ മുഖ്യ പരിശീലകൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിസിസിഐ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ പേസറും 2011 ലോകകപ്പ് ജേതാവുമായ മുനാഫ് പട്ടേൽ. ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ‘നോ’ പറയാൻ ചങ്കൂറ്റമുള്ള ഏക വ്യക്തി ഗംഭീറാണെന്നാണ് മുനാഫ് പട്ടേൽ തുറന്നുപറഞ്ഞത്. ​ഗംഭീറിനെ മാറ്റിയാൽ ടീമിലെ കളിക്കാരെ നിയന്ത്രിക്കാൻ ബിസിസിഐ പാടുപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ഇതൊന്ന് ഓർത്തുവെച്ചോളൂ, ഗൗതം ഗംഭീറിനെപ്പോലൊരു പരിശീലകനെ മാറ്റിയാൽ പിന്നീട് കളിക്കാരെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറും. അവൻ വളരെ സത്യസന്ധനായ ഒരാളാണ്. സത്യം തുറന്നടിച്ച് പറയും. അത് പലർക്കും ഇഷ്ടപ്പെടില്ല. ടീം ട്രാക്ക് തെറ്റിയാൽ ഏത് വമ്പൻ കളിക്കാരനെയും ഒഴിവാക്കാൻ അവന് ചങ്കൂറ്റമുണ്ടെന്ന് എല്ലാവർക്കുമറിയാം. കോഹ്‌ലിയോടും രോഹിത് ശർമയോടും ‘നോ’ പറയാൻ അയാൾക്ക് സാധിക്കും‘

‘കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് അത്ര എളുപ്പമല്ല. വിരാട് കോഹ്‌ലിയെപ്പോലൊരാളോട് നിങ്ങൾ ഒന്ന് ‘നോ’ പറയാൻ നോക്കൂ. രോഹിത് ശർമ്മയോട് ഒന്ന് ‘നോ’ പറഞ്ഞുനോക്കൂ. രാജ്യത്തെ പരിശീലിപ്പിക്കാൻ വേണ്ടി ഗൗതം ഗംഭീർ എത്രപേരെയാണ് ശത്രുക്കളാക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ‘, മുനാഫ് കൂട്ടിച്ചേർത്തു.

Content Highlights: 'Try saying no to someone like Kohli, Rohit': Munaf Patel lauds Gautam Gambhir's coaching style

To advertise here,contact us