'ധോണി എല്ലാ മത്സരത്തിലും റൺസ് നേടിയിരുന്നോ?'; വിമർശനങ്ങൾക്കിടെ റുതുരാജിനെ പിന്തുണച്ച് അശ്വിൻ

റുതുരാജിനെ മൂന്നാം നമ്പറിലേക്ക് മാറ്റുന്നത് താരത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്ന് അശ്വിൻ പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മോശം ഫോമിൽ തുടരുന്ന ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാദിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. നിലവില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് വെറും 63 റണ്‍സ് മാത്രമാണ് ചെന്നൈ നായകന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ പ്രകടനം കൊണ്ട് യാതൊരു ഗുണവും ടീമിനില്ലെന്നാണ് ഗെയ്ക്വാദിനെതിരായ ആരാധകരുടെ പരിഹാസം. ഗെയ്ക്വാദിനെ മാറ്റി സഞ്ജു സാംസൺ നായകനായി എത്തണമെന്ന് ആഗ്രഹിക്കുന്നുവരുമുണ്ട്.

ഇപ്പോഴിതാ റുതുരാജിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം രവിചന്ദ്രൻ അശ്വിൻ. റുതുരാജിനെ മൂന്നാം നമ്പറിലേക്ക് മാറ്റുന്നത് താരത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്ന് അശ്വിൻ പറയുന്നു. ക്യാപ്റ്റൻസിയുടെ സമ്മർദ്ദത്തിൽ ഇങ്ങനെ സംഭവിക്കാമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

'എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ. ക്യാപ്റ്റനായിരുന്ന സമയത്ത് എംഎസ് ധോണി എല്ലാ മത്സരത്തിലും റൺസ് നേടിയിട്ടുണ്ടോ? ക്യാപ്റ്റൻസിയുടെ വലിയ സമ്മർദ്ദമുള്ളതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. കഴിഞ്ഞ രണ്ട് വിജയങ്ങൾക്ക് ശേഷം ചെന്നൈയുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഈ സമയത്ത് ആരാധകരും മാനേജ്‌മെന്റും റുതുരാജിനെ വെറുതെ വിട്ടാൽ അവനിൽ നിന്ന് റൺസ് താനേ വന്നുകൊള്ളും. ആയുഷ് മാത്രെയെ ഓപ്പണറാക്കാനും റുതുരാജിനെ മൂന്നാം നമ്പറിലേക്ക് മാറ്റാനും ആളുകൾ പറയുന്നുണ്ട്. അത് തീർത്തും തെറ്റായ തീരുമാനമാണ്', അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.

ഈ പ്രതിസന്ധി ഘട്ടത്തിൽ സിഎസ്‌കെ മാനേജ്‌മെന്റ് റുതുരാജിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'പുറത്തുനിൽക്കുന്ന നമ്മളാണ് ഇതൊക്കെ പറയുന്നത്. ഈ സാഹചര്യത്തിൽ ടീം മാനേജ്‌മെന്റ് കൂടി പിന്തുണച്ചില്ലെങ്കിൽ അവന്റെ ആത്മവിശ്വാസം എന്താകും? ക്യാപ്റ്റന് മാനേജ്‌മെന്റിൽ നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെ നിന്ന് ലഭിക്കാനാണ്? ഈ ഘട്ടത്തിൽ സിഎസ്‌കെയ്ക്ക് ചെയ്യാൻ കഴിയാത്ത ഒരേയൊരു കാര്യം ഗെയ്‌ക്വാദിനെ ഓപ്പണിംഗിൽ നിന്ന് മാറ്റുക എന്നതാണ്', അശ്വിൻ കൂട്ടിച്ചേർത്തു.

Content Highlights: Ravichandran Ashwin backs Chennai Super Kings Captain Ruturaj Gaikwad During his his poor start to IPL 2026

To advertise here,contact us