പരാജയത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി; മുംബൈ നായകൻ ഹാർദിക്കിന് ലക്ഷങ്ങൾ പിഴ, കാരണമിത്

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം ആർസിബി താരം ടിം ഡേവിഡിനും ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ പേരിൽ പിഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാർദിക്കിനെതിരെയും നടപടിയെത്തിയത്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ‌ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പിഴ ശിക്ഷ ലഭിച്ചത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം ആർസിബി താരം ടിം ഡേവിഡിനും ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ പേരിൽ പിഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാർദിക്കിനെതിരെയും നടപടിയെത്തിയത്.

നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് ഹാർദിക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഈ സീസണിൽ മുംബൈ ഇന്ത്യൻസ് വരുത്തുന്ന ആദ്യത്തെ സ്ലോ ഓവർ റേറ്റ് കുറ്റമാണിത്. അതിനാൽ ക്യാപ്റ്റൻ പിഴയൊടുക്കിയാൽ മതിയാകും. എന്നാൽ ഇതേ തെറ്റ് ആവർത്തിച്ചാൽ ടീം അംഗങ്ങൾക്കും പിഴയും ക്യാപ്റ്റന് വിലക്കും വരെ നേരിടേണ്ടി വന്നേക്കാം.

വാംഖഡെ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി ബാറ്റിങ് നിരയുടെ സംഹാരരൂപമാണ് വാങ്കഡെയിൽ കണ്ടത്. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോറാണ് അവർ പടുത്തുയർത്തിയത്. പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്.

Content Highlights: IPL 2026: ‌Hardik Pandya Fined After MI vs RCB IPL 2026 Match For Slow Over-Rate

To advertise here,contact us