താരങ്ങളുടെ വേതനം കുത്തനെ വർധിപ്പിച്ചു; തമീം ഇഖ്‌ബാലിന് കീഴിൽ വൻ മാറ്റത്തിനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വർധിപ്പിച്ച് തമീം ഇഖ്‌ബാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി.

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വർധിപ്പിച്ച് തമീം ഇഖ്‌ബാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി. ബംഗ്ലാദേശിലെ വനിതാ താരങ്ങൾക്ക് ഒരു ഏകദിന മത്സരത്തിന് ലഭിച്ചിരുന്നത് 1,000 ടാക്ക (ഏകദേശം 715 ഇന്ത്യൻ രൂപ) മാത്രമായിരുന്നു. താരങ്ങൾക്ക് വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ ശമ്പള ഘടന പ്രകാരം വനിതാ താരങ്ങളുടെ വേതനം വൻ തോതിലാണ് വർധിപ്പിച്ചത്. ടി20 മത്സരങ്ങൾക്ക് 10,000 ടാക്കയും 50 ഓവർ മത്സരങ്ങൾക്ക് 15,000 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് 20,000 ടാക്കയും ആണ് ഇനി മുതൽ പ്രതിഫലമായി ലഭിക്കുക.

ഇതിനു പുറമെ, വനിതാ ക്രിക്കറ്റിലെ മുൻനിര 36 താരങ്ങളുടെ മാസശമ്പളവും 30,000 ടാക്കയിൽ നിന്ന് 40,000 ടാക്ക ആയി ഉയർത്തി. ഈ മാറ്റം രാജ്യത്തെ വനിതാ ക്രിക്കറ്റിന് കൂടുതൽ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തമീം ഇഖ്‌ബാൽ പറഞ്ഞു.

പുരുഷ താരങ്ങൾക്കും ശമ്പളവും വർധിപ്പിച്ചിട്ടുണ്ട്. കാറ്റഗറി 'എ' യിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് മാസം തോറും 65,000 ടാക്ക ശമ്പളമായി ലഭിക്കും. കാറ്റഗറി 'ബി' താരങ്ങൾക്ക് 50,000 ടാക്കയും 'സി' താരങ്ങൾക്ക് 40,000 ടാക്കയുമാണ് ഇനി മുതൽ ശമ്പളമായി ലഭിക്കുക.

'ക്രിക്കറ്റ് താരങ്ങളുടെ കഠിനാധ്വാനമാണ് ഈ കളിയെ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ന്യായമായ പ്രതിഫലം അവർ അർഹിക്കുന്നു' തമീം ഇഖ്‌ബാൽ വ്യക്തമാക്കി. പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കിയാകും താരങ്ങൾക്ക് ശമ്പളം നൽകുക.

Content highlights:tamim-iqbal-bcb-president-player-salary-hike-bangladesh-cricket-2026

To advertise here,contact us