'ധോണി ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സമ്മതിക്കില്ലായിരുന്നു'; ചെന്നൈയുടെ ബോളർമാർക്കെതിരെ റായിഡു

തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നതിന് പിന്നാലെയാണ് സൂപ്പർ‌ കിം​ഗ്സിന്റെ ഡെത്ത് ഓവര്‍ ബോളിങ്ങിനെതിരെ റായിഡു തുറന്നടിച്ചത്

ചെന്നൈ സൂപ്പർ കിം​ഗ്സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മുൻ താരം അമ്പാട്ടി റായിഡു. ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നതിന് പിന്നാലെയാണ് സൂപ്പർ‌ കിം​ഗ്സിന്റെ ഡെത്ത് ഓവര്‍ ബോളിങ്ങിനെതിരെ റായിഡു തുറന്നടിച്ചത്. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ ചെന്നൈ 43 റൺസിനാണ് ബെം​ഗളൂരുവിനോട് പരാജയം വഴങ്ങിയത്.

അവസാന നാല് ഓവറിൽ 78 റൺസ് വഴങ്ങിയതാണ് ബെംഗളൂരുവിനെതിരെ ചെന്നൈയുടെ പതനത്തിന് ആക്കം കൂട്ടിയത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ 19-ാം ഓവറില്‍ 30 റണ്‍സാണ് ആര്‍സിബി താരം ടിം ഡേവിഡ് അടിച്ചെടുത്തത്. മത്സരത്തിനിടെ ‘എറൗണ്ട് ദി വിക്കറ്റ്’ പന്തെറിയാനുള്ള ഓവർട്ടന്റെ പരീക്ഷണമാണ് റായിഡുവിനെ ചൊടിപ്പിച്ചത്. ഇതിഹാസതാരം എംഎസ് ധോണി ഒരിക്കലും മത്സരങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ അനുവദിക്കില്ലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

'പരിശീലന സമയത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുള്ളതാണ്. എങ്കിലും മത്സരങ്ങളില്‍ ഇത് പ്രയോഗിക്കാന്‍ എം എസ് ധോണി ഒരിക്കലും അനുവദിക്കില്ലായിരുന്നു. ബാറ്റര്‍മാര്‍ക്ക് ഇത്തരം ആംഗിളുകള്‍ നേരിടാന്‍ എളുപ്പമാണ്. ക്രീസിന് പുറത്തേക്ക് അല്പം നീങ്ങി നിന്നാല്‍ ഈ തന്ത്രം പാളും. അതുകൊണ്ട് തന്നെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് ബേസിക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്' റായിഡു ചൂണ്ടിക്കാട്ടി.

തുടർച്ചയായ മൂന്ന് മത്സരത്തിലും വലിയ തോൽവിയാണ് സിഎസ്കെയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന് പരാജയം വഴങ്ങിയ ചെന്നൈ പഞ്ചാബ് കിം​ഗ്സിനെതിരായ രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനും അടിയറവ് പറഞ്ഞിരുന്നു. തോല്‍വിയോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി.

Content Highlights: 'Dhoni never approved it': Ambati Rayudu slams CSK's bizarre death over plan vs RCB

To advertise here,contact us