വൈഭവിന് ഇന്ന് 15-ാം പിറന്നാള്‍! ആ കടമ്പയും കടന്നു; സീനിയർ ടീമിലേക്കുള്ള അരങ്ങേറ്റം ഇനി എന്നുണ്ടാകും?

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്

ഇന്ന് 15-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കാനുള്ള ഔദ്യോഗിക പ്രായപരിധി വൈഭവ് പിന്നിട്ടിരിക്കുകയാണ്. ബിസിസിഐയുടെയും ഐസിസിയുടെയും നിയമപ്രകാരം 15 വയസ്സ് തികഞ്ഞ താരങ്ങള്‍ക്ക് മാത്രമേ സീനിയര്‍ ടീമുകളില്‍ കളിക്കാന്‍ അനുവാദമുള്ളൂ. ഇപ്പോഴിതാ പ്രായപരിധിയെന്ന കടമ്പയും കടന്ന വൈഭവിന്റെ സീനിയർ ടീമിലേക്കുള്ള എൻട്രി എന്നായിരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

2025 ഐപിഎൽ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ 1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതോടെയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയില്‍ കുടുങ്ങിയത്. 14 വയസ് മാത്രമുള്ള താരത്തിന് വേണ്ടി ഇത്ര വലിയ തുക മുടക്കിയതില്‍ പലരും റോയൽസിനെ പരിഹസിച്ചെങ്കിലും കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടി താരം വരവറിയിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി വമ്പന്‍ പ്രകടനങ്ങള്‍ നടത്തി വൈഭവ് സ്ഥിരമായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

ബീഹാറില്‍ നിന്നുള്ള ഈ ഇടങ്കയ്യന്‍ ബാറ്റര്‍ ഇതിനോടകം തന്നെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും വൈഭവിനുണ്ട്. 15 വയസ്സ് തികഞ്ഞതോടെ വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ വൈഭവിനാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Content Highlights: Wonder Kid Vaibhav Suryavanshi turns 15: U-19 World Cup star now eligible for India debut

To advertise here,contact us