ഐപിഎൽ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാര അത്ഭുതം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ രാജസ്ഥാനായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരാനുള്ള പരിശ്രമത്തിലുമാണ്. ഐ പി എല്ലിന് ശേഷവും അണ്ടർ 19 ഏകദിന ലോകകപ്പ്, ഏഷ്യ കപ്പ്, റൈസിംഗ് സ്റ്റാർ ഏഷ്യ കപ്പ് എന്നീ ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കായി കളിച്ചും മിന്നും പ്രകടനമാണ് താരം നടത്തിയത്.
ഇപ്പോഴിതാ ഐപിഎൽ തുടങ്ങാനിരിക്കേ വൈഭവിന്റെ ചില ശീലങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആർസിബി താരം ജിതേഷ് ശർമ. ഒരു യൂട്യൂബ് ചാനലിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ല്യേഴ്സുമായുള്ള ചർച്ചയ്ക്കിടെയാണ് ജിതേഷ് ശർമ വൈഭവിനെക്കുറിച്ച് പറഞ്ഞത്.
വൈഭവ് മികച്ച കളിക്കാരനാണെന്നും പ്രൊഫഷണലാണെന്നും എബിഡി പറഞ്ഞപ്പോൾ അതിന് വിരുദ്ധമായ അഭിപ്രായമാണ് ജിതേഷ് പങ്കുവെച്ചത്. വൈഭവ് പ്രൊഫഷണലായ താരമല്ലെന്ന് ആർസിബി താരം പറഞ്ഞു. അവൻ പ്രൊഫഷണൽ അല്ല. അത് ഞാൻ പറയാം, ജിതേഷ് ഒരു ചിരിയോടെ പറഞ്ഞു.
എല്ലാവരും അദ്ദേഹത്തെ പ്രൊഫഷണൽ ആക്കാൻ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെയാകുമെന്ന് ഞാൻ കരുതുന്നില്ല, കുറഞ്ഞത് മൈതാനത്തിന് പുറത്തെങ്കിലും. മൈതാനത്ത് ഒരുപക്ഷേ അങ്ങനെ ആയേക്കാം. ഞാൻ എൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്. രാത്രിയിൽ ഐസ്ക്രീം കഴിക്കരുതെന്ന് ഞാൻ അവനോട് പറയാറുണ്ട്, പക്ഷേ അവൻ അത് കേൾക്കാറേയില്ല. ജിതേഷ് പറഞ്ഞു. റൈസിംഗ് സ്റ്റാർ ഏഷ്യ കപ്പ് ടൂർണമെന്റിൽ ജിതേഷ് ശർമ ക്യാപ്റ്റനായ ടീമിലായിരുന്നു വൈഭവ് കളിച്ചിരുന്നത്.
2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിച്ചത്. അതോടെ ഐപിഎൽ കരാർ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറി നേടിയ താരം ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.
അടുത്തിടെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറും 15 സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ടൂർണമെന്റിലെ താരവും വൈഭവായിരുന്നു. ഏഴ് കളികളിൽ നിന്നായി 62.71 ശരാശരിയിലും 169.49 സ്ട്രൈക്ക് റേറ്റിലും 439 റൺസാണ് താരം അടിച്ചുകൂട്ടിയത്.
Content Highlights: jitesh sharma on vaibhav suryavanshi ice cream incident