2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പഴയ ട്വീറ്റും വൈറലായിരുന്നു. സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് നിര്‍ണായക വിജയവും സെമി യോഗ്യതയും സമ്മാനിച്ചത്. ഇതിനുപിന്നാലെ ആര്‍ച്ചര്‍ 2014ല്‍ പങ്കുവെച്ച '97? WTF' എന്ന ട്വീറ്റും ആരാധകര്‍ കുത്തിപ്പൊക്കിയിരുന്നു.
97? Wtf
ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ഫിന് അലന് റെക്കോര്‍ഡ് സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ജോഫ്ര ആര്‍ച്ചറും മറ്റൊരു പഴയ ട്വീറ്റും വീണ്ടും ചര്‍ച്ചകളിലേക്ക് വരുന്നത്.
2013 മാര്‍ച്ച് 13ന് ആര്‍ച്ചര്‍ പങ്കുവെച്ച ട്വീറ്റാണ് ഇത്തവണ ആരാധകര്‍ കണ്ടുപിടിച്ചത്. 'Raise that Bat Finn' എന്നാണ് ആര്‍ച്ചര്‍ അന്ന് ട്വീറ്റില്‍ കുറിച്ചത്. പ്രോട്ടിയാസിനെ തകര്‍ത്ത അലൻ നേടിയ അതിവേഗ സെഞ്ച്വറിക്കൊപ്പമാണ് ആരാധകര്‍ ഈ ട്വീറ്റിനെ ചേര്‍ത്തുവെക്കുന്നത്.
Raise that bat Finn
കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അലന്റെ അതിവേഗ ഇന്നിംഗ്സാണ് കിവീസ് ടീമിന് ഏകപക്ഷീയ വിജയം സമ്മാനിച്ചത്. 33 പന്തില്‍ സെഞ്ച്വറി തികച്ച ഫിന് അലന് ടി20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. 10 ഫോറും എട്ട് സിക്സും ഉൾപ്പെടുന്നതാണ് ഫിൻ അലന്റെ ഇന്നിങ്സ്. സ്ട്രൈക്ക്റേറ്റ് 303.
Content Highlights: Jofra Archer again Stuns, 13-Year-Old Tweet Becomes Prophecy As Finn Allen Shines