ട്വന്റി20 ലോകകപ്പിലെ നിര്‍ണ്ണായകമായ സൂപ്പര്‍-8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ക്രമത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷേറ്റ്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിലും ബാറ്റിംഗ് പൊസിഷനിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 'നാളെ അദ്ദേഹം അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ തന്നെ തിലക് ബാറ്റ് ചെയ്യുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. നമുക്ക് ഇപ്പോള്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. സഞ്ജു സാംസണ് ടോപ്പ് ഓര്‍ഡറില്‍ തിളങ്ങുന്നത് നമ്മള് കണ്ടതാണ്. എതിര് ടീമിന്റെ ബൗളിംഗ് കോമ്പിനേഷന്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തും.', ഡോഷേറ്റ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരത്തില്‍ സിംബാബ്വെക്കെതിരെ ആറാം നമ്പറില്‍ ഇറങ്ങിയ തിലക് വര്‍മ്മ വെറും 16 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 41 പന്തില്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ തിലക്, മൂന്ന് ഫോറുകളും നാല് സിക്സറുകളുമാണ് പറത്തിയത്.
സൂപ്പര്‍-8 ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി ഫൈനലില്‍ കടക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതോടെ, ഇന്നത്തെ മത്സരത്തില്‍ ഏത് മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം.
Content Highlights: ryan ten doeschate about sanju samson and tilak varma