2026 ടി20 ലോകകപ്പിൽ മോശം പ്രകടനം തുടരുകയാണ് പാകിസ്താൻ താരവും മുൻ ക്യാപ്റ്റനുമായ ബാബർ അസം. സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 24 പന്തുകളിൽ നിന്ന് വെറും 25 റൺസ് മാത്രമാണ് ബാബർ അസമിന് നേടാനായത്. നാലാമനായി ക്രീസിലെത്തിയ താരം 11-ാം ഓവറിൽ ജാമി ഓവർട്ടണിന്റെ പന്തിൽ ബൗൾഡായി മടങ്ങുകയായിരുന്നു. ഈ ലോകകപ്പിലെ 6 മത്സരങ്ങളിൽ നിന്ന് വെറും 91 റൺസ് മാത്രമാണ് ബാബറിന്റെ സമ്പാദ്യം.
ഇംഗ്ലണ്ടിനെതിരായ ഈ മെല്ലെപ്പോക്കിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് പാക് താരം ബാബർ അസം. ലോകകപ്പ് ചരിത്രത്തിൽ 500ൽ അധികം റൺസ് നേടിയ താരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് എന്ന മോശം റെക്കോർഡാണ് ബാബർ സ്വന്തം പേരിലെഴുതിച്ചേർത്തത്.
ടി20 ലോകകപ്പിൽ 111.5 മാത്രമാണ് ബാബറിന്റെ പ്രഹരശേഷി. 111.8 സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന മുന്‍ പാക് താരം മുഹമ്മദ് ഹഫീസാണ് മോശം സ്ട്രൈക്ക് റേറ്റില്‍ ബാബറിന് പിന്നിലുള്ള താരം. കുമാർ സംഗക്കാര (112.2), കെയ്ൻ വില്യംസൺ (112.5), മുഹമ്മദ് റിസ്വാൻ (113.0) എന്നിവരെയാണ് മോശം സ്ട്രൈക്ക് റേറ്റിൽ ബാബര്‍ പിന്നിലാക്കിയത്.
അതേസമയം ഇംഗ്ലണ്ടിനെതിരായ സൂപ്പർ 8 മത്സരത്തിൽ പാകിസ്താൻ രണ്ട് വിക്കറ്റിന് പരാജയം വഴങ്ങുകയും ചെയ്തിരുന്നു. പാകിസ്താന് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ നിര്‍ണായക സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. പാകിസ്താനെതിരായ വിജയത്തോടെ ലോകകപ്പില്‍ സെമി ഫൈനലിന് യോഗ്യത നേടാനും ഇംഗ്ലണ്ടിന് സാധിച്ചു.
അതേസമയം ഇംഗ്ലണ്ടിനോടേറ്റ പരാജയത്തോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തിലാണുള്ളത്.
Content Highlights: Babar Azam Sets Unwanted Record, lowest strike rate in men’s T20 World Cup history