

2026 ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിൽ സിംബാബ്വെയ്ക്കെതിരെ റെക്കോർഡ് ടോട്ടൽ അടിച്ചെടുത്ത് വെസ്റ്റ് ഇൻഡീസ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചെടുത്തത്. വിൻഡീസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ പിറന്ന ഹിമാലയൻ ടോട്ടൽ ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയിരിക്കുകയാണ്.
ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് വാംഖഡെയിൽ പിറന്നത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ടോട്ടലും ഇതാണ്. അയർലൻഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിൻഡീസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ഇതേ ലോകകപ്പിൽ തന്നെയാണ് അയർലാൻഡ് കൂറ്റൻ ടോട്ടൽ നേടിയത്. ഒമാനെതിരെ 235 റൺസായിരുന്നു ഐറിഷ് പട അടിച്ചെടുത്തത്.
ഏഴ് റൺസ് കൂടി നേടിയിരുന്നെങ്കിൽ ലോകകപ്പിലെ ഏറ്റവുമുയർന്ന ടോട്ടലെന്ന റെക്കോർഡും വിൻഡീസിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിന്‍ഡീസിന് സാധിച്ചില്ല. ലോകകപ്പിന്റെ ആദ്യ പതിപ്പിൽ തന്നെ ശ്രീലങ്ക നേടിയ ഈ റെക്കോർഡ് ഇതുവരെ ഒരു ടീമും തകർത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മത്സരത്തിൽ ഷിർമോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 34 പന്തിൽ 85 റൺസാണ് ഹെറ്റ്മെയർ അടിച്ചെടുത്തത്. ഏഴ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. പവൽ 35 പന്തിൽ 55 റൺസും സ്വന്തമാക്കി. നാല് വീതം ഫോറുകളും സിക്സുകുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സിംബാബ്വേയുടെ ബോളിങ് നിരയിൽ റിച്ചാർഡ് എൻഗരവ, ബ്ലെസ്സിങ് മുസരബാനി എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രാഡ് ഇവാൻസ്, ഗ്രേം ക്രീമർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: T20 World Cup 2026: West Indies’ total is the second-highest team score in T20 World Cup history