ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ വിശദീകരണവുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. തോൽവിയിൽ ആശങ്കയില്ലെന്നും അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയതിനാൽ, ടീമിന്റെ ബാറ്റിംഗ് കരുത്ത് പരീക്ഷിക്കാനായി ബോധപൂർവ്വം വരുത്തിയ മാറ്റങ്ങളാണ് തിരിച്ചടിച്ചതെന്നും മത്സരശേഷം സമ്മാനദാനച്ചടങ്ങില് സൂര്യകുമാര് പറഞ്ഞു.
സാധാരണയായി എട്ടാം നമ്പർ വരെ ബാറ്റിംഗ് കരുത്തുള്ള ടീം ഇന്ത്യ, ഈ മത്സരത്തിൽ വെറും ആറ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഹർഷിത് റാണ ഏഴാം നമ്പറിൽ ഇറങ്ങിയപ്പോൾ ബാറ്റിംഗ് നിരയുടെ ആഴം കുറഞ്ഞത് ടീമിനെ ബാധിച്ചിരുന്നു. ഇഷാന് കിഷന് പരിക്കേറ്റ് പുറത്തായപ്പോള് പകരം അര്ഷ്ദീപ് സിംഗിനെയായിരുന്നു ഇന്ത്യ പ്ലേയിംഗ് ഇലവനില് കളിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം ഞങ്ങൾ വളരെ നന്നായി കളിച്ചിട്ടുണ്ട്. ഈ മത്സരത്തില് ഞങ്ങൾ ആറ് ബാറ്റർമാരുമായി ഇറങ്ങിയത് ബോധപൂര്വമാണ്. അഞ്ച് മികച്ച ബൗളർമാരെ ഉൾപ്പെടുത്തി ടീമിനെ ഒന്ന് പരീക്ഷിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. 180-200 റൺസ് പിന്തുടരുമ്പോൾ ആദ്യമേ രണ്ടോ മൂന്നോ വിക്കറ്റ് വീണാൽ താരങ്ങൾ എങ്ങനെ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് കാണാൻ ഞങ്ങള് ആഗ്രഹിച്ചു. അതൊരു നല്ല വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഫലം എന്തുതന്നെയായാലും അതൊരു നല്ല പാഠമാണെന്നും സൂര്യ പറഞ്ഞു. ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങൾക്കും അവസരം നൽകാനാണ് ശ്രമിക്കുന്നതെന്നും ഇനിയൊരു അവസരം ലഭിച്ചാൽ ഞങ്ങൾ വീണ്ടും ചേസ് ചെയ്യാനാണ് ശ്രമിക്കുകയെന്നും സൂര്യ പറഞ്ഞു.
ടി20 പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യയെ 50 റണ്സിനാണ് ന്യൂസിലന്ഡ് തകര്ത്തത്. 216 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറില് 165 റണ്സിന് ഓള് ഔട്ടാവുകയായിരുന്നു. 23 പന്തില് 65 റണ്സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്. റിങ്കു സിംഗ് 30 പന്തില് 39 റണ്സെടുത്തപ്പോള് സഞ്ജു സാംസണ് 15 പന്തില് 24 റണ്സെടുത്ത് പുറത്തായി. അഭിഷേക് ശര്മ ഗോള്ഡന് ഡക്കായപ്പോള് സൂര്യകുമാര് യാദവ് എട്ടും ഹാര്ദ്ദിക് പാണ്ഡ്യ രണ്ടും റണ്സുമെടുത്ത് മടങ്ങി.
Content Highlights-suryakumar yadav response after lose in 4rd t20; india vs newzeland