ടി20 ലോകകപ്പ് തല മുകളിൽ നിൽക്കെ ന്യൂസിലൻഡിനും പരിക്കിന്റെ ഒരുപാട് ആവലാതികൾ. ലോകകപ്പ് ടീമിലുണ്ടായിരുന്ന പേസർ ആദം മിൽനെ പരിക്കിനെ തുടർന്നു പുറത്തായി. താരത്തിനു ലോകകപ്പ് നഷ്ടമാകും. കാൽത്തുടയിലെ മസിലുകൾക്കേറ്റ പരിക്കാണ് വിനയായത്.
കെയ്ൽ ജാമേഴ്സനെ കിവികൾ ആദം മിൽനെക്ക് പകരം ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി. സൗത്ത് ആഫ്രിക്ക ടി20 ലീഗിൽ കളിക്കുന്നതിനിടെയാണ് ആദം മിൽനെയ്ക്ക് പിക്കേറ്റത്. പരിക്കു മാറാൻ ആഴ്ചകളെടുക്കും എന്നുറപ്പായതോടെയാണ് മിൽനെയെ ലോകകപ്പ് ടീമിൽ നിന്നു മാറ്റിയത്.
മിൽനെയുടെ പുറത്താകൽ കിവികൾക്ക് വലിയ നഷ്ടമാണ്. നിലവിൽ എസ്എ20യിൽ മിന്നും ഫോമിലാണ് താരം പന്തെറിഞ്ഞിരുന്നത്. അതിനിടെയാണ് പരിക്ക് വില്ലനായത്. 9 കളിയിൽ നിന്നു 11 വിക്കറ്റുകളാണ് താരം ഈ സീസണിൽ എസ്എ20യിൽ വീഴ്ത്തിയത്.
ജാമേഴ്സൻ നിലവിൽ ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിലുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. താരം രണ്ട് വിക്കറ്റെടുത്തെങ്കിലും 4 ഓവറിൽ 54 റൺസ് വിട്ടുകൊടുത്തു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ജാമേഴ്സൻ തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നു താരം ആറ് വിക്കറ്റുകൾ വീഴ്ത്തി.
ന്യൂസിലൻഡ് ലോകകപ്പ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അല്ലൻ, മിച്ചൽ ബ്രെയ്സ്വെൽ, മാർക് ചാംപ്മാൻ, ഡെവോൺ കോൺവെ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്റി, കെയ്ൽ ജാമിസൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം സീഫെർട്, ഇഷ് സോധി.
Content Highlights- Adam Milne Injured ahead of t20 wc and replaced by Kyle Jameison in T20 world cup