'ടീം പ്രഖ്യാപിച്ചപ്പോഴാണ് ഒഴിവാക്കിയെന്ന് അറിഞ്ഞത്, ഹൃദയം തകർന്നുപോയി'; മനസ് തുറന്ന് ജിതേഷ് ശർമ

'ടി20 ലോകകപ്പ് കളിക്കുന്നതിനായി അത്രത്തോളം ഞാൻ കഠിനാധ്വാനം ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു'

'ടീം പ്രഖ്യാപിച്ചപ്പോഴാണ് ഒഴിവാക്കിയെന്ന് അറിഞ്ഞത്, ഹൃദയം തകർന്നുപോയി'; മനസ് തുറന്ന് ജിതേഷ് ശർമ
dot image

അടുത്തമാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റർ‌ ജിതേഷ് ശര്‍മ. തീർത്തും അപ്രതീക്ഷിതമായ നീക്കമായിരുന്നുവെന്നാണ് ജിതേഷ് പ്രതികരിച്ചത്. തന്നോട് ഇതിനെക്കുറിച്ച് നേരത്തെ ഒന്നും പറഞ്ഞിരുന്നില്ലെന്നും ടീം പ്രഖ്യാപിച്ചപ്പോഴാണ് തഴയപ്പെട്ടത് അറിഞ്ഞതെന്നും ജിതേഷ് വ്യക്തമാക്കി. ലോകകപ്പ് ടീമില്‍ ഇടമില്ലെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും ജിതേഷ് ശ‍ർമ ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'ടീം പ്രഖ്യാപനം വന്നപ്പോഴാണ് തഴയപ്പെട്ട കാര്യം അറിഞ്ഞത്. വാർത്താ സമ്മേളനത്തിൽ സെലക്ടർമാർ നൽകിയ വിശദീകരണം എനിക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നു. തക്കതായ കാരണം തന്നെ ഉണ്ടായിരുന്നു. പിന്നീട് പരിശീലകരായും സെലക്ടർമാരുമായും സംസാരിക്കുകയും ചെയ്തു. അവരുടെ തീരുമാനം ന്യായമാണെന്ന് എനിക്ക് വ്യക്തമായി. എന്താണ് ടീമിന് ആവശ്യമുണ്ടായിരുന്നതെന്ന് അവർ‌ എന്നോട് വിശദീകരിച്ചു. ഞാൻ അതിനോട് യോജിക്കുകയും ചെയ്തു', ജിതേഷ് പറഞ്ഞു.

'പക്ഷേ അപ്പോഴും എന്നെ പുറത്താക്കിയ തീരുമാനം ഹൃദയം തകര്‍ത്തു. കാരണം ടി20 ലോകകപ്പ് കളിക്കുന്നതിനായി അത്രത്തോളം ഞാൻ കഠിനാധ്വാനം ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ വിധിയെ തടുക്കാൻ എനിക്കാവില്ല. ആ നിമിഷം ഞാൻ മരവിച്ചുപോയി. ഒന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായതും ആര്‍സിബിയില്‍ തന്‍റെ മെന്‍ററായ ദിനേശ് കാര്‍ത്തിക്കിനോട് സംസാരിക്കാനായതുമാണ് എനിക്ക് അല്‍പ്പം ആശ്വാസം നല്‍കിയത്', ജിതേഷ് പറഞ്ഞു.

ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിൽ സഞ്ജു സാംസണിന്റെ ബാക്കപ്പായി ജിതേഷ് ശർമയിരുന്നു ഉണ്ടായിരുന്നത്. പല മത്സരത്തിലും സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശർമ പ്ലേയിങ് ഇലവനിലേക്ക് എത്തുകയും ചെയ്തിരുന്നു. ജിതേഷ് ശർമ ഫിനിഷർ റോളിലാണ് കളിക്കുന്നത്. ടോപ് ഓഡറിലേക്ക് പരിഗണിക്കാവുന്ന താരമല്ല ജിതേഷ്.

Content Highlights: Jitesh sharma says he learnt t20 world cup omission after squad announcement

dot image
To advertise here,contact us
dot image