

ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്വന്തം നാട്ടുകാർ തന്ന പിന്തുണയും പ്രോത്സാഹനവും സഞ്ജു തുറന്നുപറഞ്ഞു. വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് കരിയറിൽ നാട്ടുകാരുടെയും നാടിന്റെയും സ്വാധീനത്തെ കുറിച്ച് സഞ്ജു മനസ് തുറന്നത്.
ചെറുപ്പത്തില് അച്ഛനും അമ്മയും തന്നേയും ചേട്ടനേയും കളിപ്പിക്കാൻ കൊണ്ടുവന്നിരുന്ന സ്ഥലമായിരുന്നു വിഴിഞ്ഞമെന്നും ഇപ്പോഴും അതെല്ലാം ഓർമയിലുണ്ടെന്നും സഞ്ജു പറഞ്ഞു. ഒരിക്കൽ നീ ഇന്ത്യക്കായി കളിക്കും എന്ന് ഈ ചേട്ടന്മാർ പറഞ്ഞിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.
'അച്ഛനും അമ്മയും ഞങ്ങളെ വിഴിഞ്ഞം മുതൽ മെഡിക്കൽ കോളേജ് ഗ്രൗണ്ട് വരെ കൊണ്ടുപോകും. കോട്ടപ്പുറത്തെ വീട്ടിൽ നിന്ന് ചില ദിവസങ്ങളിൽ വിഴിഞ്ഞം ബസ് സ്റ്റാന്റ് വരെ ഞാനും ചേട്ടനും വലിയ ബാഗ് തൂക്കി നടന്ന് പോകാറുണ്ടായിരുന്നു. അപ്പോൾ ഞാൻ വഴിയിൽ കണ്ടിരുന്ന പല ചേട്ടന്മാരുടെ മുഖം എനിക്കിവിടെ കാണാം. ആ സമയത്ത് മോനെ നിന്നെക്കൊണ്ട് പറ്റുമെടാ, നീ ഒരിക്കൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എന്നുള്ള സപ്പോർട്ട് തന്നത് ആ ചേട്ടന്മാരാണ് എല്ലാവർക്കും നന്ദി. എടുത്തു പറയേണ്ടത് ഇവിടുത്തെ ഓട്ടോ ചേട്ടന്മാരെക്കുറിച്ചാണ്. ബാഗും തൂക്കി നടന്നുപോകുമ്പോള് സ്റ്റാന്ഡിലാക്കി തരുന്ന ഓട്ടോ ചേട്ടന്മാരുണ്ട്, അവരോടെല്ലാം നന്ദി പറയുന്നു', സഞ്ജു വേദിയിൽ സംസാരിക്കവേ പറഞ്ഞു.
Content Highlights: Indian cricketer sanju samson recalls childhood memories at Vizhinjam