ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാക്കറിന്റെ നേതൃത്വത്തിൽ സെലക്ടർമാർ ഓൺലൈനായാണ് യോഗം ചേരുക. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ നിന്ന് വൻമാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ലെന്നാണ് സൂചന. ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്പരയുമുണ്ട്.
പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തും. ഏകദിന ടീമിന്റെ നായകനെന്ന നിലയിൽ ശുഭ്മൻ ഗില്ലിന് സ്വന്തം നാട്ടിൽ നടക്കുന്ന ആദ്യ പരമ്പരയാണിത്. കഴുത്തിന് പരിക്കേറ്റതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലുണ്ടായിരിക്കുമെന്നതാണ് ഹൈലൈറ്റ്.
വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും പേസർ മുഹമ്മദ് സിറാജും ടീമിലെത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. അതോ ബോളിങ് നിരയിൽ പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് സെലക്ടർമാർ വഴിയൊരുക്കുമോ എന്നറിയാനും ആരാധകർ കാത്തിരിക്കുകയാണ്. ഏറെ നാളായി ടീമിന് പുറത്തുനിൽക്കുന്ന ഷമി ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ കളിയാണ് പുറത്തെടുക്കുന്നത്. ഇന്ന് മുംബൈയിൽ സെലക്ഷൻ സമിതി തലവൻ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗം 15 അംഗ ടീമിനെ തെരഞ്ഞെടുക്കും. ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് പേസർ ജസ്പ്രീത് ബുമ്ര, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
Content highlights: IND vs NZ: BCCI to announce ODI squad today