2026 ഇന്ത്യന് പ്രീമിയര് ലീഗ് സീസണിന്റെ മിനി താരലേലം ഡിസംബര് 16ന് അബുദാബിയില് നടക്കും. നവംബര് 30 ഞായറാഴ്ചയാണ് മിനി ലേലത്തിനായുള്ള രജിസ്ട്രേഷന് സമയപരിധി അവസാനിച്ചത്. ക്രിക്ബസിന്റെ റിപ്പോര്ട്ട് പ്രകാരം 1,355 താരങ്ങളാണ് മിനി താരലേലത്തിന് വേണ്ടി രജിസ്റ്റര് ചെയ്തത്.
ഓസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീൻ ഉൾപ്പെടെ 45 താരങ്ങൾക്കാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.
ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ പേര് ലേല പട്ടികയിൽ ഇല്ല. നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യുഎസ്എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ഐപിഎൽ ലേലത്തിനെത്തുന്നത്.
🚨 A TOTAL OF 1,355 PLAYERS HAVE REGISTERED THEIR NAME FOR IPL 2026 AUCTION. 🚨- Glenn Maxwell’s name is not on the list. (Cricbuzz). pic.twitter.com/PTTb1bs8BQ
ഐപിഎൽ മിനി താരലേലത്തിനെത്തുമ്പോൾ പത്ത് ഫ്രാഞ്ചൈസികൾക്കുമായി ചെലവഴിക്കാൻ 237.55 കോടി രൂപയാണ് അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ തുക കൈയിലുള്ളത് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. 64.3 കോടി രൂപയാണ് കൊൽക്കത്തയ്ക്ക് ലേലത്തിൽ ചെലവഴിക്കാൻ കഴിയുക. ടീമിൽ 13 കളിക്കാരെ ഉൾപ്പെടുത്താൻ കെകെആറിന് അവസരമുണ്ട്.
കെകെആറിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സാണ് ലേലത്തുകയിൽ രണ്ടാമതുള്ളത്. 43.4 കോടി രൂപയാണ് സിഎസ്കെയുടെ പഴ്സിലുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദ് (25.5 കോടി), ലഖ്നൗ സൂപ്പർ ജയന്റ്സ് (22.9 കോടി), ഡൽഹി ക്യാപിറ്റൽസ് (21.8 കോടി), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (16.4 കോടി), രാജസ്ഥാൻ റോയൽസ് (16.05 കോടി), ഗുജറാത്ത് ടൈറ്റൻസ് (12.9 കോടി), പഞ്ചാബ് കിംഗ്സ് (11.5 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ലേലത്തിനായി ബാക്കിയുള്ള തുക. പ്രധാന താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന് വെറും 2.75 കോടി രൂപ മാത്രമാണ് ലേലത്തിന് വേണ്ടി അവശേഷിക്കുന്നത്.
Content Highlights: 1355 Players Register For IPL Auction, Only Two Indians Set Highest Base Price, Report