റൈസിംഗ് സ്റ്റാര്സ് ഏഷ്യാ കപ്പിൽ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില് ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ മാസ് സദാഖത്തിന്റെ ഇന്നിങ്സാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. താരം 47 പന്തിൽ നിന്ന് നാല് സിക്സറും ഏഴ് ഫോറുകളും അടക്കമാണ് 79 റൺസ് നേടിയത്.
മത്സരത്തിനിടെ നിരവധി നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയും പാക് ബോളര് ഉബൈദ് ഷായും തമ്മിലുണ്ടായ ചെറിയ വാക്കുതര്ക്കമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
മത്സരത്തിന്റെ ആദ്യ പന്തിൽ ഉബൈദ് ഷായെ ബൗണ്ടറി കടത്തിയാണ് വൈഭവ് തുടങ്ങിയത്. ഇന്നിങ്സിലെ രണ്ടാം ഓവറിലും താരം ബൗണ്ടറി നേടി. വൈഭവ് ഫോമില് ബാറ്റുവീശവേ മൂന്നാം ഓവര് എറിയാനായെത്തിയതും ഉബൈദ് ആയിരുന്നു. ഓവറിലെ മൂന്നാം പന്തിൽ വൈഭവിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെയാണ് പാക് പേസർ താരത്തെ പ്രകോപിപ്പിക്കാന് ശ്രമിച്ചത്.
എന്നാൽ ‘‘പോ, പോയി പന്തെറിയ്’’ എന്നാണ് വൈഭവ് പാക് താരത്തോട് മറുപടി നല്കിയത്. മത്സരത്തിനിടെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത വീഡിയോയിലാണ് വൈഭവിന്റെ പ്രതികരണം പതിഞ്ഞത്. തൊട്ടടുത്ത പന്തിൽ ഉബൈദിനെ കവറിന് മുകളിലൂടെ ബൗണ്ടറിയിലെത്തിച്ചും വൈഭവ് സൂര്യവംശി മറുപടി നൽകി. മത്സരത്തിൽ 28 പന്തുകളിൽ 45 റൺസെടുത്താണ് വൈഭവ് പുറത്തായത്. മൂന്നു സിക്സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content Highlights: Vaibhav Suryavanshi’s Fierce Exchange With Ubaid Shah Ignites India-Pakistan Clash, Video