ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന് പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു.
ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റും മുന് ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി.
എന്നാല് ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്നാണ് ഗാംഗുലിയുടെ മറുപടി. സ്പിന് പിച്ചൊരുക്കിയതിന് ക്യൂറേറ്റർ സുജൻ മുഖര്ജിയെ കുറ്റം പറയാനാവില്ലെന്നും ഇത് ഇന്ത്യൻ ടീം ആവശ്യപ്പെട്ടപ്രകാരം തയാറാക്കിയ പിച്ചാണെന്നും ഗാംഗുലി വ്യക്തമാക്കി. ഇതോടെ പരിശീലകൻ ഗൗതം ഗംഭീർ പ്രതിക്കൂട്ടിലായി.
ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില് ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോള് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില് ദക്ഷിണാഫ്രിക്കന് പേസര് മാര്ക്കോ യാന്സന് 3 വിക്കറ്റെടുത്തു. എന്നാൽ ഇരു ടീമുകളുടെയും രണ്ടാം ഇന്നിങ്സ് സ്പിന്നർമാർ നേടി. ഇരു ടീമിലും രണ്ട് വിക്കറ്റുകൾ ഒഴികെ എല്ലാ വിക്കറ്റുകളും സ്പിന്നര്മാര്ക്കായിരുന്നു.
മത്സരത്തിൽ 124 റണ്സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ 93 റണ്സിന് ദക്ഷിണാഫ്രിക്ക ഓള്ഔട്ടാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 159 റൺസ് നേടിയപ്പോൾ ഇന്ത്യ 189 റൺസിന്റെ മറുപടി നൽകിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 153 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 30 റൺസ് അകലെ വീണു.
Content Highlights:sourav ganguly criticize gautam gambhir for eden gardens pitch