രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ. രാജസ്ഥാന് നന്ദി പറഞ്ഞ് തുടങ്ങിയ പോസ്റ്റിൽ സമയമാകുമ്പോൾ മുന്നോട്ട് പോകണമെന്നും സഞ്ജു കുറിച്ചു.
നമ്മൾ ഇവിടെ കുറച്ചു കാലമേ ഉള്ളൂ, ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി എന്റെ എല്ലാം നൽകി, മികച്ച ക്രിക്കറ്റ് ആസ്വദിച്ചു. ജീവിത കാലം മുഴുവൻ മുതൽ കൂട്ടാവുന്ന നല്ല ബന്ധങ്ങളുണ്ടായി. എല്ലാവരെയും കുടുംബത്തെപ്പോലെയാണ് കണ്ടത്. സമയമാകുമ്പോൾ മുന്നോട്ട് പോകും. എല്ലാത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് സഞ്ജുവിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാൻ റോയൽസും സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തി.
സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങളെ പകരം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചു.
Content Highlights: Sanju's first reaction after leaving Rajasthan to join CSK