രഞ്ജിയിൽ കേരളത്തിന് നിരാശ; ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്രയ്ക്ക് ലീഡ്

കേരളത്തിന് വേണ്ടി സൂപ്പർ താരം സഞ്ജു സാംസണ്‍ അർധ സെഞ്ച്വറി നേടിയിരുന്നു

മഹാരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് നിരാശ. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 239 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സ് ലീഡെടുത്തു.

കേരളത്തിന് വേണ്ടി സൂപ്പർ താരം സഞ്ജു സാംസണ്‍ അർധ സെഞ്ച്വറി നേടിയിരുന്നു. 63 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 93 പന്തില്‍ 49 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 28 പന്തില്‍ 27 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍, 52 പന്തില്‍ 36 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. മുകേഷ് ചൗധരി, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്റ്റ്വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. തുടക്കത്തിൽ 18 റൺസിന് അഞ്ചുവിക്കറ്റ് വീണ മഹരാഷ്ട്രയെ റിതുരാജ് ഗെയ്കവാദ് (91 ), ജലജ് സക്‌സേന(49) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

Content Highlights: Ranji Trophy 2025/26; Maharashtra Takes Lead against Kerala

To advertise here,contact us