'ആ പരാജയം ഞാന്‍ ഒരിക്കലും മറക്കാൻ പാടില്ല'; പരിശീലക കരിയറിലെ ഏറ്റവും വലിയ ആഘാതത്തെ കുറിച്ച് ​ഗംഭീർ

'ചിലപ്പോഴൊക്കെ നമ്മുടെ ഭൂതകാലത്തിലേക്ക് നോക്കേണ്ടതും വളരെ പ്രധാനമാണ്. അപ്പോൾ നമുക്ക് മുന്നിലുള്ള ഒന്നിനെയും നിസാരമായി കാണാൻ തോന്നില്ല'

തന്റെ പരിശീലക കരിയറിൽ നേരിട്ട ഏറ്റവും വലിയ ആഘാതം വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് മുൻ താരം കൂടിയായ ​ഗംഭീർ മനസ് തുറന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റ് പരമ്പര 3-0ന് പരാജയം വഴങ്ങിയതാണ് പരിശീലക കരിയറില്‍ തനിക്ക് ഏറ്റവും ആഘാതമേല്‍പ്പിച്ച അനുഭവമെന്നാണ് ഗംഭീര്‍ പറയുന്നത്.

"ആ പരമ്പര എനിക്ക് ഒരിക്കലും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ അത് മറക്കാനും പാടില്ല. ഞാൻ അത് എന്റെ കളിക്കാരെയും ഇടയ്ക്ക് ഓർമിപ്പിക്കാറുണ്ട്. മുന്നിലേക്ക് തന്നെയാണ് നമ്മൾ നോക്കേണ്ടത്. പക്ഷേ ചിലപ്പോഴൊക്കെ നമ്മുടെ ഭൂതകാലത്തിലേക്ക് നോക്കേണ്ടതും വളരെ പ്രധാനമാണ്. അപ്പോൾ നമുക്ക് മുന്നിലുള്ള ഒന്നിനെയും നിസാരമായി കാണാൻ തോന്നില്ല", ഗംഭീർ പറഞ്ഞു.

"നമുക്ക് അനായാസം ന്യൂസിലൻഡിനെ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ പരാജയപ്പെട്ടു. അതാണ് സ്പോർട്സിന്റെ യാഥാർത്ഥ്യം. എന്നെ സംബന്ധിച്ചിടത്തോളം ന്യൂസിലൻഡിനെതിരെ സംഭവിച്ചത് എപ്പോഴും ഇന്ത്യൻ ഡ്രസ്സിങ് റൂം ഓർത്തുകൊണ്ടിരിക്കണം. അപ്പോൾ ഏത് എതിർടീമിനെതിരെ ഇറങ്ങുമ്പോഴും ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ പോരാടാൻ ആ അനുഭവം നമ്മളെ പ്രേരിപ്പിക്കും" വെസ്റ്റ് ഇൻഡീസിന് എതിരായ ടെസ്റ്റ് പരമ്പര പുരോ​ഗമിക്കുന്നതിനിടെ ഗംഭീർ പറഞ്ഞു.

രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ 2024ൽ ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ കളിച്ച ഇന്ത്യ പരമ്പരയിലെ മൂന്ന് ടെസ്റ്റിലും പരാജയം വഴങ്ങുകയാണ് ചെയ്തത്. ബെംഗളൂരു, പുനെ, മുംബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ടെസ്റ്റുകൾ. സ്വന്തം മണ്ണിൽ ഇന്ത്യയുടെ 12 വർഷത്തിനിടെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയായിരുന്നു അത്.

Content Highlights: ‘I should never forget that’; Gautam Gambhir reopens wounds of India’s darkest Test memory

To advertise here,contact us