പാകിസ്താൻ ക്രിക്കറ്റിനെ വിടാതെ വിവാദങ്ങൾ. ഇപ്പോഴിതാ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷസ്ഥാനത്തു നിന്ന് മൊഹ്സിന് നഖ്വി പടിയിറങ്ങണമെന്ന ആവശ്യമുയര്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന് രാജ്യാന്തര ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.
പാകിസ്താന്റെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം ഒരു പ്രമുഖ ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവാദിത്തങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നത് പ്രായോഗികമല്ലെന്ന് അഫ്രീദി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില് കായികരംഗത്ത് പൂര്ണ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഫ്രീദി വ്യക്തമാക്കി.
പിസിബി ആഭ്യന്തര മന്ത്രാലയത്തില് നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അഫ്രീദി പറഞ്ഞു. അതിനാല് രണ്ടും വേര്തിരിച്ച് കാണണം. ഇക്കാര്യത്തില് പെട്ടെന്ന് തീരുമാനമെടുക്കണം. പാക് ക്രിക്കറ്റിന് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സമയമാണ്. പാക് ക്രിക്കറ്റിനെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നഖ്വി നയിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.
ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള് നഖ്വിയുമായി ചേര്ത്ത് ഉയര്ന്നുകൊണ്ടിരിക്കേയാണ് അഫ്രീദിയുടെ തുറന്നുപറച്ചില്. ഏഷ്യാ കപ്പില് ഇന്ത്യയും പാകിസ്താനും ഫൈനലില് ഉള്പ്പെടെ മൂന്നുതവണ നേരിട്ടപ്പോള്, മൂന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതിനിടയിൽ ഹസ്തദാന വിവാദവും ബഹിഷ്കരണ ഭീഷണിയും ഏറ്റവുമൊടുവിൽ ട്രോഫി വിവാദവും നഖ്വിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തി.
Content Highlights- Afridi wants Naqvi removed from PCB chairmanship