'അത് രാഷ്ട്രീയ പരാമർശം'; സൂര്യകുമാർ യാദവിനെതിരെ ഐസിസിക്ക് പരാതി നൽകി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

സൂപ്പർ ഫോർ മത്സരത്തില്‍ പ്രകോപനകരമായ ആം​ഗ്യങ്ങൾ കാണിച്ചതിന് പാക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്ക് പരാതി നൽകിയിരുന്നു

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാ​ദവിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിക്ക് പരാതി നൽകിയതായി റിപ്പോർട്ട്. ഏഷ്യാ കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ നടന്ന മത്സരത്തിന് ശേഷം സൂര്യകുമാർ ഉന്നയിച്ച പരാമർശങ്ങളാണ് പരാതിക്ക് കാരണമായത്.

സെപ്റ്റംബർ 14ന് നടന്ന മത്സരത്തിന് ശേഷം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും 'ഓപ്പറേഷൻ സിന്ദൂരിൽ' പങ്കെടുത്ത ഇന്ത്യൻ സായുധ സേനയ്ക്ക് ടീമിൻ്റെ വിജയം സമർപ്പിക്കുകയും ചെയ്തതിനാണ് സൂര്യകുമാറിനെതിരെ പിസിബി പരാതി നൽകിയത്. സൂര്യകുമാറിൻ്റെ പരാമർശങ്ങൾ 'രാഷ്ട്രീയമാണ്' എന്നാണ് പിസിബിയുടെ ആരോപണം.

🚨 ICC is likely to take action against suryakumar yadav for political remarks in press conference after a complaint by the Pakistan cricket board. (Hindustan Times) pic.twitter.com/vAnsSAEiuU

അതേസമയം സൂപ്പർ ഫോർ മത്സരത്തില്‍ പ്രകോപനകരമായ ആം​ഗ്യങ്ങൾ കാണിച്ചതിന് പാക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോർഡും ഐസിസിക്ക് പരാതി നൽകിയത്. ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ പാക് താരങ്ങളായ ഹാരിസ് റൗഫും സാഹിബ്‌സാദ ഫര്‍ഹാനും ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളും സെലിബ്രേഷനും ചെയ്തത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഐസിസിക്ക് ഔദ്യോഗിക പരാതി നല്‍കിയത്.

സെപ്റ്റംബർ 21 നായിരുന്നു ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താന് വേണ്ടി സാഹിബ്സാദ​ ഫർഹാൻ അർധ സെഞ്ച്വറി നേടിയിരുന്നു. ഫിഫ്റ്റി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിര്‍ക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ ഫര്‍ഹാന്‍ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ 2022-ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി റൗഫിൻ്റെ പന്തിൽ അടിച്ച വിജയകരമായ സിക്സറുകളെ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ ആരാധകർ "കോഹ്ലി, കോഹ്ലി" എന്ന് വിളിച്ചപ്പോൾ, അതിനെതിരെ ഇന്ത്യൻ സൈനിക നടപടിയെ പരിഹസിക്കാൻ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് റൗഫ് കാണിച്ചത്. ഇതോടൊപ്പം, തൻ്റെ ബൗളിംഗ് സ്പെല്ലിനിടെ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനോടും അഭിഷേക് ശർമയോടും റൗഫ് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തിരുന്നു. ബാറ്റുകൊണ്ടാണ് ​ഗില്ലും അഭിഷേകും റൗഫിന് മറുപടി നൽകിയത്.

Content Highlights: PCB file complaint against Suryakumar Yadav

To advertise here,contact us