അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നൂറ് വിക്കറ്റ് തികച്ച് ഇന്ത്യൻ പേസ് ബൗളർ അർഷ്ദീപ് സിങ്. ഇന്ത്യക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറാണ് അർഷ്ദീപ്. വെറും 64 മത്സരത്തിൽ നിന്നുമാണ് യുവതാരം ഈ നേട്ടം കൈവരിക്കുന്നത്. ഒമാനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്. മത്സരത്തിന്റെ അവസാന ഓവറിൽ ഒമാൻ ബാറ്റർ വിനായക് ശുക്ലയെ പുറത്താക്കിയാണ് അർഷ്ദീപിന്റെ 100 വിക്കറ്റ് നേട്ടം.
ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികക്കുന്ന പേസ് ബൗളർ കൂടിയാണ് അർഷ്ദീപ് സിങ്. അതേസമയം ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ ഖലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മിന്നിയത്. ആമിർ 46 പന്തിൽ നിന്നും ഏഴ് ഫോറും രണ്ട് സിക്സറുമടക്കം 64 റൺസ് സ്വന്തമാക്കിയപ്പോൾ മിർസ 5 ഫോറും രണ്ട് സിക്സറുമടക്കം 51 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി എട്ട് ബൗളർമാർ പന്ത് എറിഞ്ഞ മത്സരത്തിൽ ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
🚨 HISTORIC MOMENT IN T20I 🚨- Arshdeep Singh becomes the first Indian Men's bowler to take 100 wickets. pic.twitter.com/mOd4bBRm9s
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറിൽ 188 റൺസ് നേടിയത്. കൃത്യമായ ഇടവേളകകളിൽ വിക്കറ്റ് വീഴ്ത്തിയ ഒമാന് കരുത്തരായ ഇന്ത്യൻ ബാറ്റിങ്ങിനെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടുണ്ട്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.
വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ അഭിഷേക് ശർമ 15 പന്തിൽ നിന്നും 38 റൺസ് അടിച്ചുക്കൂട്ടി. അക്സർ പട്ടേൽ 13 പന്തിൽ 26 റൺസ് നേടി. ശിവം ദുബെ (5) എളുപ്പം മടങ്ങി. തിലക് വർമ 18 പന്തിൽ നിന്നും 29 റൺസ് നേടി മികച്ചുനിന്നു. അർഷ്ദീപ (1), കുൽദീപ് യാദവ് (1 നോട്ടൗട്ട്) ഹർഷിത് റാണ് ( 163 നോട്ടൗട്ട്) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ സംഭാവന. ക്യാപ്റ്റൻ സൂര്യ ബാറ്റിങ്ങിനിറങ്ങിയില്ല.
ഒമാനായി നാല് ഓവറിൽ ഫൈസൽ ഷാ ഒരു മെയ്ഡൺ ഉൾപ്പടെ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ജിതെൻകുമാർ രമനാന്ദിയും ആമിർ ഖലീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights- Arshdeep Singh becomes first indian player to take 100 wickets in t20I