ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ കളിപ്പിക്കാമായിരുന്നു എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ ടീം പ്ലേയിങ് ഇലവനിൽ തീർച്ചയായും ഉണ്ടാകുമെന്ന് കരുതിയിരുന്ന താരമാണ് ജിതേഷ്. എന്നാൽ ഇപ്പോൾ ഒരു കളി പോലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെങ്കിൽ ജിതേഷിന് അവസരം നൽകമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'തിലക് വർമ ലോവർ ഓർഡറിലാണ് ബാറ്റിങ്ങിനെത്തിയത്. സൂര്യ ബാറ്റിങ്ങിനെത്തിയത് പോലുമില്ല. എപ്പോഴാണ് ജിതേഷിനെ കളിപ്പിക്കുക എന്നാണ് ഞാൻ ചിന്തിക്കുന്നത്. നിങ്ങൾ ബാക്കി എല്ലാവരെയും കളിപ്പിച്ചു എന്നാൽ ടൂർണമെന്റിന് മുമ്പ് ആദ്യ ഇലവനിൽ എന്തായാലും കളിക്കുമെന്ന് ഉറപ്പുള്ള ഒരാൾക്ക് ഒരു കളി പോലും ലഭിച്ചില്ല.
നിങ്ങൾക്ക് ഒരു വിക്കറ്റ് കീപ്പറിനെ മിഡിൽ ഓർഡറിൽ കളിപ്പിക്കണമെങ്കിൽ അവനെ കളിപ്പിക്കണമായിരുന്നു. വിക്കറ്റ് കീപ്പർ സ്ലോട്ടിൽ ഇപ്പോഴും ഒരു ആശയകുഴപ്പമുള്ളത് പോലെയാണ്. ഈ പൊസിഷന് വേണ്ടിയുള്ള മത്സരത്തിലുള്ള രണ്ടാമത്തെ താരത്തിന് ഒരു അവസരം കൂടി ലഭിച്ചിട്ടില്ല,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഐപിഎല്ലിന് ശേഷം കളത്തിലെത്തുന്നതിനാൽ തന്നെ ജിതേഷ് ശർമ മികച്ച രീതിയിൽ കളിച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Akash Chopra says India could have played Jitesh Sharma