കേന്ദ്ര സർക്കാർ ഓൺലൈൻ മണി ഗെയിമിങ് നിരോധന നിയമം നടപ്പിലാക്കിയത് കഴിഞ്ഞ ദിവസമാണ്. ഡ്രീം ഇലവനടക്കമുള്ള ആപ്പുകൾക്ക് എട്ടിന്റെ പണിയാണ് ഇതോടെ ലഭിച്ചത്. ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസറാണ് ഡ്രീം ഇലവൻ. നിരോധനം നടപ്പിലായതോടെ ഡ്രീം ഇലവനുമായുള്ള കരാർ ബിസിസിഐ റദ്ദാക്കിയിരുന്നു. ഇതോടെ പുതിയ ജേഴ്സി സ്പോൺസർമാരെ തേടുകയാണ് ബോർഡ് ഇപ്പോള്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസറാകാൻ ടൊയോട്ട മോട്ടോഴ്സ് ടീം അടക്കമുള്ള രണ്ട് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എൻഡിടിവിയുടെ റിപ്പോർട്ടുകൾ പ്രകാരം ടൊയോട്ടയും ഒരു ഫിൻടെക് സ്റ്റാർട്ടപ്പും ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിസിസിഐ ഇതുവരെ ഔദ്യോഗിക ടെൻഡർ പ്രക്രിയ ആരംഭിച്ചിട്ടില്ല.
ഇതോടെ ഏഷ്യാ കപ്പിൽ സ്പോൺസർമാരില്ലാതെയാവും ടീം കളത്തിലിറങ്ങുക എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 385 കോടിയുടെ മൂന്ന് വർഷത്തെ കരാറാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഒപ്പുവെച്ചിരുന്നത്. അടുത്ത വര്ഷം അവസാനിക്കാനിരുന്നതായിരുന്നു ഈ കരാര്. ഓൺലൈൻ മണി ഗെയിമിങ് നിരോധനം വരുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ നിരവധി സൂപ്പർ താരങ്ങൾക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കാൻ പോവുന്നത്.
വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ തുടങ്ങിയവർക്കൊക്കെ ഡ്രീം ഇലവനുമായി കരാറുകളുണ്ട്. ആകെ എല്ലാതാരങ്ങൾക്കും ചേര്ന്ന് 150 മുതൽ 200 കോടി രൂപ വരെ നഷ്ടം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. മൊബൈൽ പ്രീമിയർ ലീഗുമായി ( എം പി എൽ) ഏഴ് കോടിയുടെ കരാറിൽ വിരാട് കോഹ്ലി ഒപ്പ് വച്ചിട്ടുണ്ട്.
രോഹിതും കോഹ്ലിയും ഡ്രീം ഇലവനുമായും വിൻസോയുമായും 6-7 കോടിയുടെ കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾക്കൊക്കെ ഇതിന് സമാനമായ കരാറുകളുണ്ട്.
Content Highlights: Toyota, Other Big Names Interested In Sponsoring Team India: Report