ഓർത്തുവെച്ചോളൂ മുഹമ്മദ് ആഷിക്കിനെ; കെസിഎല്ലിൽ ലാസ്റ്റ് ബോൾ സിക്‌സ് ഫിനിഷിങ്!

സഞ്ജു സാംസൺ സെഞ്ച്വറി നേടിയ മത്സരത്തിൽ ആഷിക്കും ടീമിന്റെ താരമാകുകയാണ്

കെസിഎൽ രണ്ടാം സീണിൽ ഏരീസ് കൊല്ലം സെയ്‌ലേർസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആവേശ വിജയം കൈവരിച്ചിരുന്നു. അവസാന പന്തിൽ സിക്‌സർ നേടിയായിരുന്നു കൊച്ചിയുടെ വിജയം. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ മത്സരത്തിൽ സെഞ്ച്വറി തികച്ച് കളിയിലെ താരമായി. കൊച്ചിക്ക് വേണ്ടി മത്സരം ഫിനിഷ് ചെയ്ത മുഹമ്മദ് ആഷിക്കും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കൊല്ലം ഉയർത്തിയ 237 റൺസ് പിന്തുടർന്ന കൊച്ചി സഞ്ജുവിന്റെ സെഞ്ച്വറിയുടെ ബലത്തിൽ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ താരം 51 പന്തിൽ 121 റൺസെടുത്തു. ഏഴ് സിക്സറുകളും 14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. സഞ്ജുവിന് മികച്ച പിന്തുണ നല്കിയ ഷാനു 28 പന്തുകളിൽ 39 റൺസെടുത്തു. പവർപ്ലേയിൽ തന്നെ നൂറ് റൺസാണ് കൊച്ചി അടിച്ചുകൂട്ടിയത്. കെസിഎൽ സീസൺ -2 വിൽ ഇതാദ്യമായാണ് ഒരു ടീംപവർപ്ലേയിൽ തന്നെ ഇത്രയും വലിയ സ്‌കോർ നേടുന്നത്.

പാതി പിന്നിട്ടതോടെ ഇന്നിങ്സിന്റെ വേഗം കുറഞ്ഞെങ്കിലും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സഞ്ജു ബാറ്റ് വീശിയത്. ഷാനുവും സാലി സാംസനും നിഖിൽ തോട്ടത്തും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയത് കളിയുടെ ഗതി മാറ്റുമെന്ന് കരുതിയിരുന്നു.

എന്നാൽ ക്രീസിലെത്തിയ ആഷിക് കൊച്ചിക്ക് വേണ്ടി കളി പിടിക്കുകയായിരുന്നു. സഞ്ജുവിനൊപ്പം ആക്രമണം അഴിച്ചുവിട്ട ഓൾറൗണ്ടർ കൃത്യമായി ബൗണ്ടറകൾ കടത്തി. സഞ്ജു മടങ്ങിയെങ്കിലും ആഷിക് കളം നിറഞ്ഞു കളിച്ചു. അവസാന ഓവറിൽ 17 റൺസായിരുന്നു കൊച്ചിക്ക് ജയിക്കാൻ ആവശ്യം. ഷറഫുദ്ദീനായിരുന്നു ബൗളിങ് എൻഡിൽ. ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ആഷിക്ക് അടുത്ത് പന്ത് നിലം തൊടീച്ചില്ല. മൂന്നാം പന്തിൽ ബൈ റണ്ണിലൂടെ സ്‌ട്രൈക്ക് ആൽഫി ഫ്രാൻസിസിൽ എത്തുന്നു.

അടുത്ത മൂന്ന് പന്തിൽ ആറ് മതിയായിരിക്കെ കൊച്ചി ഒന്ന് ആശ്വസിച്ചു. എന്നാൽ അടുത്ത പന്തിൽ ആൽഫി റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ ആഷിക്കിന് റൺസൊന്നും എടുക്കാൻ സാധിച്ചില്ല. എന്നാൽ അവസാന പന്ത് ലോങ് ഓണിന് മുകളിലൂടെ പറത്തി ആഷിക്ക് കളി കൊച്ചിക്ക് വേണ്ടി ജയിപ്പിച്ചു. വെറും 18 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 45 റൺസാണ് ആഷിഖ് നേടിയത്.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ കൊല്ലം സെയ്‌ലേഴ്‌സിനെ വിഷ്ണു വിനോദ് (41 പന്തിൽ 94), സച്ചിൻ ബേബി (44 പന്തിൽ 91) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജെറിൻ പി എസ് ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights- Muhammed Ashik Last ball Finishing in KCL for kochi blue tigers

To advertise here,contact us