മുംബൈ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് അജിങ്ക്യാ രഹാനെ. നേതൃ നിരയിലേക്ക് യുവതാരങ്ങള്ക്ക് അവസരം നല്കാനായാണ് മുംബൈയുടെ ക്യാപ്റ്റന് സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയില് മുംബൈക്കായി കിരീടങ്ങള് നേടാനായതില് അഭിമാനമുണ്ട്. പുതിയ യുവ ലീഡർമാർ വളർന്നുവരട്ടെ, അതിനാൽ അടുത്ത ആഭ്യന്തര സീസൺ തുടങ്ങുന്നതിന് മുമ്പ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതായി രഹാനെ കൂട്ടിച്ചേർത്തു. കളിക്കാരനെന്ന നിലയില് മുംബൈക്കായി വീണ്ടും കളിക്കുകയും കിരീടങ്ങള് സ്വന്തമാക്കുയും ചെയ്യാന് തുടര്ന്നും ടീമിനൊപ്പമുണ്ടാകുമെന്നും രഹാനെ എക്സ് പോസ്റ്റില് വ്യക്തമാക്കി.
ക്യാപ്റ്റന് സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും 37കാരനായ രഹാനെ തുടര്ന്നും മുംബൈക്കായി കളിക്കും. രഹാനെക്ക് കീഴില് കഴിഞ്ഞ സീസണില് ആഭ്യന്തര ടി20 ടൂര്ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് മുംബൈ ചാമ്പ്യൻമാരായിരുന്നു. ടൂര്ണമെന്റിലെ ടോപ് സ്കോററരും രഹാനെയായിരുന്നു.
കഴിഞ്ഞ സീസണില് മുംബൈയെ രഞ്ജി ട്രോഫി സെമിയിലെത്തിക്കാനും രഹാനെക്കായി. സെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് മുംബൈക്കായി ഏറ്റവും കൂടുതല് റണ്സ് നേടിയ താരങ്ങളില് രണ്ടാം സ്ഥാനത്താണ് രഹാനെ. 76 മത്സരങ്ങളില് 52 റണ്സ് ശരാശിയില് 5932 റണ്സാണ് മുംബൈക്കായി രഹാനെ നേടിയത്. 19 സെഞ്ചുറികളും രഹാനെയുടെ പേരിലുണ്ട്. കഴിഞ്ഞ ഐപിഎല് സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകുമായിരുന്നു മുന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെ.
Content Highlights-Rahane announces resignation from Mumbai Cricket captaincy