'ഞങ്ങൾക്ക് തെറ്റ് പറ്റിയതാണ് ഗയ്‌സ്' ; റാങ്കിങ്ങിൽ കോഹ്ലിയും രോഹിത്തും ഇല്ലാത്തതിന് ഐസിസിയുടെ ഉത്തരം

ഐസിസി ഏകദിന റാങ്കിങ്ങിൽ നിന്നും വിരാട് കോഹ്ലിയും, രോഹിത് ശർമയും അപ്രത്യക്ഷമായിരുന്നു

ഐസിസി ഏകദിന റാങ്കിങ്ങിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശർമയും അപ്രത്യക്ഷമായിരുന്നു. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ നിന്നുമാണ് ഇരുവരുടെയും പേര് കാണാതെ പോയത്. ഇരുവരും വിരമിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് ഒരുപാട് റിപ്പോർട്ടുകൾ വന്നിരുന്നു.

ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇരുവരും ഏകദിന റാങ്കിങ്ങിൽ ആദ്യ അഞ്ചിലുണ്ടായിരുന്നു. പാകിസ്ഥാൻ താരം ബാബർ അസമിനെ മറികടന്ന് കഴിഞ്ഞ ആഴ്ച്ചയാണ് രോഹിത് ശർമ രണ്ടാം സ്ഥാനത്തെത്തിയത്. 736 പോയിന്റുമായി വിരാട് നാലാം സ്ഥാനത്താണ്. ഏകദിനത്തിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടെസ്റ്റ് ടീം നായകനുമായ ശുഭ്മാൻ ഗില്ലാണ് ഒന്നാം സ്ഥാനത്തുള്ള ബാറ്റർ.

എന്നാൽ ഇത് തങ്ങൾക്ക് പറ്റിയ അബദ്ധമാണെന്ന് പറയുകയാണ് ഐസിസി. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 'ഞങ്ങളുടെ റാങ്കിങ് ടേബിളിൽ ഇന്ന് ഒരു പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ അത് ഇപ്പോൾ ശരിയാക്കി,' ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ ഐസിസിയോട് ചേർന്ന് നിൽക്കുന്ന സോഴ്‌സ് പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും അവസാനമായി ഏകദിനത്തിൽ കളിച്ചത്. ഇന്ത്യ നേടിയ ടൂർണമെന്റിൽ മികച്ച പ്രകടനമായിരുന്നു കോഹ്ലി നടത്തിയത്. ഫൈനലിൽ രോഹിത്തും അദ്ദേഹത്തിന്റെ മികവ് പുലർത്തി.

ഇന്ന് പുറത്തുവിട്ട റാങ്കിങ്ങിൽ വിരാടും രോഹിത്തും ഇല്ലാത്തതിനാൽ ബാബർ അസം രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ശുഭ്മാൻ ഗില്ലും, ശ്രേയസ് അയ്യരുമാണ് ആദ്യ പത്ത സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ ബാറ്റർമാർ.

Content Highlights- ICC clarifies Virat's and Rohit's Ranking issue

To advertise here,contact us