'പ്രകടനത്തിനനുസരിച്ച് അവർ തീരുമാനിക്കട്ടെ'; രോഹിത്തിന്റെയും കോഹ്‌ലിയുടെയും വിരമിക്കലിലെ കുറിച്ച് ഗാംഗുലി

റിപ്പോർട്ടുകൾ ബിസിസിഐ തന്നെ തള്ളികളഞ്ഞിരുന്നുവെങ്കിലും അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ല.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ ബിസിസിഐ തന്നെ തള്ളികളഞ്ഞിരുന്നുവെങ്കിലും അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ല.

ഇപ്പോള്‍ വിഷയതിൽ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമൊക്കെ ആയിരുന്ന സൗരവ് ഗാംഗുലി. ഇരുവരും ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചേക്കുമെന്ന പ്രചാരണം സൗരവ് ഗാംഗുലി തള്ളി. അത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അവര്‍ കളിക്കുന്നതെന്ന് തീരുമാനിക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

ഇരുവരും ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒക്ടോബര്‍ 19 മുതല്‍ പെര്‍ത്ത്, അഡലെയ്ഡ്, സിഡ്‌നി എന്നിവിടങ്ങളില്‍ നടക്കുന്ന ഏകദിന മത്സരങ്ങളായിരിക്കും ഇരുവരുടേയും അവസാന പരമ്പരയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഏകദിനത്തില്‍ എക്കാലത്തെയും മികച്ച റണ്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ കോഹ്‌ലി മൂന്നാം സ്ഥാനത്താണ്. അതേസമയം ഫോര്‍മാറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. നിലവിൽ ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ്റ്റനും രോഹിതാണ്.

2025 ഫെബ്രുവരിയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിതും കോഹ്‌ലിയും അവസാനമായി ഇന്ത്യയെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചത്.

Content Highlights: 'Let them decide based on their performance': Ganguly on Rohit and Kohli's retirement

To advertise here,contact us