'അടുത്ത വീരേന്ദര്‍ സേവാഗിനെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞു'; യുവതാരത്തെ പുകഴ്ത്തി ക്ലാര്‍ക്ക്

അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണെന്നും ഈ പ്രകടനം തുടര്‍ന്നാല്‍ മികച്ച ഓപ്പണറായി മാറുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ തങ്ങളുടെ അടുത്ത വീരേന്ദര്‍ സേവാഗിനെ കണ്ടെത്തിക്കഴിഞ്ഞെന്ന് ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ് ക്ലാര്‍ക്ക് ഇന്ത്യയുടെ പുതിയ സേവാഗായി വിശേഷിപ്പിച്ചത്. അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണെന്നും ഈ പ്രകടനം തുടര്‍ന്നാല്‍ മികച്ച ഓപ്പണറായി മാറുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

“ജയ്‌സ്വാൾ കളിക്കുന്ന രീതി വളരെ മികച്ചതാണ്. എല്ലാം പ്ലാൻ അനുസരിച്ച് പോയാൽ, അദ്ദേഹത്തിന് ലഭിക്കുമെന്ന് നമ്മൾ കരുതുന്ന കരിയർ നന്നായി തന്നെ മുന്നോട്ട് പോകും. കാരണം അദ്ദേഹം ഒരു സൂപ്പർസ്റ്റാറാണ്. അ​ദ്ദേഹം വീരേന്ദർ സെവാഗിനെപ്പോലെ തോന്നിപ്പിക്കുന്നു”, ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ക്ലാർക്ക് പറഞ്ഞു.

“അദ്ദേഹം അത്ര അപകടസാധ്യതയുള്ള ടോപ്പ് ഓർഡർ ആണ്, അ​ഗ്രസീവാണ്. അദ്ദേഹം ടീമിന്റെ ബാറ്റിം​ഗ് ശൈലിയുടെ ഉദ്ദേശ്യം സജ്ജമാക്കുന്നു. ഓവലിൽ രണ്ടാം ഇന്നിംഗ്‌സിൽ ‘ഓ, എന്തൊരു കളി, എത്ര അത്ഭുതകരമായ കളിക്കാരൻ’ എന്ന് അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്” ക്ലാർക്ക് കൂട്ടിച്ചേർത്തു.

ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഭേദപ്പെട്ട പ്രകടനമാണ് യശസ്വി ജയ്‌സ്വാൾ പുറത്തെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് തുടരാൻ താരത്തിന് സാധിച്ചില്ല. എന്നിരുന്നാലും അഞ്ച് മത്സരങ്ങളിൽ നിന്ന് 411 റൺസാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്. രണ്ട് തവണ താരം പൂജ്യത്തിന് പുറത്തായപ്പോൾ, രണ്ട് സെഞ്ച്വറിയും അത്രയും തന്നെ അർദ്ധസെഞ്ച്വറിയും അദ്ദേഹത്തിനുണ്ടായിരുന്നു.

Content Highlights: Michael Clarke compares Yashasvi Jaiswal to Virender Sehwag

To advertise here,contact us