ഗില്ലിന്റെ ജേഴ്‌സി ചാരിറ്റി ലേലത്തില്‍ വിറ്റത് പൊന്നുംവിലയ്ക്ക്! ബുംറയും ജഡ്ഡുവും തൊട്ടുപിന്നില്‍

ലോർഡ്സിൽ ഗില്‍ ഉൾപ്പെടെയുള്ള കളിക്കാർ അണിഞ്ഞ ജേഴ്സി കഴുകി വൃത്തിയാക്കാതെയാണ് ലേലത്തിൽ വെച്ചത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഉപയോ​ഗിച്ച ജേഴ്സിക്ക് ലേലത്തിൽ ലഭിച്ചത് അഞ്ച് ലക്ഷത്തിന് മുകളിൽ തുക. ശുഭ്മൻ ഗില്ലിന്റെ ഓട്ടോഗ്രാഫ് ഉള്ള ജഴ്സിക്കാണ് ലണ്ടനിൽ നടന്ന ചാരിറ്റി ലേലത്തിൽ 4600 പൗണ്ട് അതായത് ഏകദേശം 5.41 ലക്ഷം രൂപ ലഭിച്ചത്. ഗില്ലിന്റേതിന് പുറമേ മറ്റ് ഇന്ത്യന്‌ താരങ്ങളുടെയും ഇംഗ്ലണ്ട് കളിക്കാരുടേയും ജഴ്സികളും ലേലത്തിൽ വെച്ചിരുന്നു.

ലോര്‍ഡ്‌സില്‍ വർഷംതോറും നടക്കാറുള്ള റൂത്ത് സ്‌ട്രോസ് ഫൗണ്ടേഷന്റെ 'റെഡ് ഫോര്‍ റൂത്ത്' എന്ന ധനസമാഹരണ കാമ്പെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ഈ ലേലം. ഇത്തവണത്തെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെയും ഇം​ഗ്ലണ്ടിന്റെയും താരങ്ങൾ ഉപയോഗിച്ച, അലക്കാത്ത ജേഴ്‌സികള്‍, തൊപ്പികള്‍, ചിത്രങ്ങള്‍, ബാറ്റുകള്‍, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലത്തില്‍ വെച്ചത്. ഇവയിലെല്ലാം ഓരോ താരങ്ങളുടെയും ഒപ്പ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Shubman Gill's test jersey got the top amount across teams for the charity #Ruthtest pic.twitter.com/EyzELHWHl1

രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരുടെ ജേഴ്സികൾക്ക് 4.94 ലക്ഷം രൂപ വീതമാണ് ലഭിച്ചത്. കെ എൽ രാഹുലിന്റെ ജേഴ്സിക്ക് 4.70 ലക്ഷം രൂപയും റിഷഭ് പന്തിന്റെ ജേഴ്സിക്ക് നാല് ലക്ഷം രൂപയും ലഭിച്ചു. ലോർഡ്സ് ടെസ്റ്റിൽ കളിച്ച ഇംഗ്ലണ്ട് കളിക്കാരുടെ ജേഴ്സി ലേലത്തിൽ വെച്ചപ്പോൾ ഉയർന്ന തുക ലഭിച്ചത് ജോ റൂട്ടിന്റേതിനാണ്. 4.47 ലക്ഷം രൂപയ്ക്കാണ് റൂട്ടിൻ‌റെ ജേഴ്സി വിറ്റുപോയത്. പല ഇന്ത്യൻ കളിക്കാരുടേതിനേക്കാളും കുറവാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ജേഴ്സിക്ക് ലേലത്തിൽ ലഭിച്ചത് നാല് ലക്ഷം രൂപ. ലോർഡ്സിൽ ഗില്‍ ഉൾപ്പെടെയുള്ള കളിക്കാർ അണിഞ്ഞ ജേഴ്സി കഴുകി വൃത്തിയാക്കാതെ തന്നെയാണ് ലേലത്തിൽ വെച്ചത് എന്ന് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.

ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിന് തൊട്ടരികിൽ എത്തിയാണ് അടിയറവ് പറഞ്ഞത്. ഇം​ഗ്ലണ്ടിനെതിരായ വിജയത്തിന് 22 റൺസ് അകലെ വീഴുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ 740 റൺസ് ആണ് ഗിൽ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ പരമ്പരയിലെ ടോപ് സ്കോററായി ടീമിനെ മുൻപിൽ നിന്ന് നയിക്കാൻ ഗില്ലിന് സാധിച്ചു.

Content Highlights: Shubman Gill's Test jersey sold for highest price at charity auction

To advertise here,contact us