'തനിക്ക് വേണ്ടിയല്ല, ഓരോ പന്തുമെറിയുന്നത് രാജ്യത്തിന് വേണ്ടി'; വൈകാരിക പ്രതികരണവുമായി സിറാജ്

ഓവല്‍ ടെസ്റ്റ് ജയത്തിനുശേഷം എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സിറാജ് വൈകാരിക മറുപടി നൽകിയത്.

താൻ എറിയുന്ന ഓരോ പന്തും രാജ്യത്തിനുവേണ്ടിയാണെന്നും അല്ലാതെ തനിക്ക് വേണ്ടിയല്ലെന്നും തുറന്നുപറഞ്ഞ് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ഓവല്‍ ടെസ്റ്റ് ജയത്തിനുശേഷം എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സിറാജ് വൈകാരിക മറുപടി നൽകിയത്.

സത്യം പറഞ്ഞാല്‍ എന്‍റെ ശരീരത്തിന് യാതൊരു ക്ഷീണവുമില്ല. രാജ്യത്തിനായി കളിക്കുമ്പോള്‍ എല്ലാം നല്‍കണം. മറ്റൊന്നിനെകുറിച്ചെന്നും അധികം ചിന്തിക്കാറില്ല. അല്ലാതെ എനിക്ക് വേണ്ടിയല്ല, സിറാജ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ മാത്രമല്ല ഓസ്ട്രേലിയയിലും ഞാന്‍ 20 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജസ്പ്രീത് ബുമ്രക്കൊപ്പം പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദം നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താനാവുമെന്ന ആത്മവിശ്വാസം എനിക്കെപ്പോഴും ഉണ്ട്, സിറാജ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഹാരി ബ്രൂക്കിന്‍റെ ക്യാച്ച് നഷ്ടമാക്കിയതിനെ കുറിച്ചും സിറാജ് വാചാലനായി. ദൈവം എന്താണ് എന്നോടിങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ആലോചിച്ചു. ലോർഡ്‌സിൽ അവസാന നിമിഷം സ്റ്റംപിൽ പന്ത് തട്ടി വിക്കറ്റായതും അപ്പോൾ ഓർത്തു. എന്നാൽ ദൈവം എനിക്കായി നല്ല നിമിഷങ്ങൾ ഒരുക്കിവെക്കുമെന്ന് ഞാൻ വിശ്വസിച്ചു, അതുതന്നെ സംഭവിച്ചുവെന്നും സിറാജ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റിലും കളിച്ച് 183.3 ഓവറുകളും അതിൽ 1000 ലധികം പന്തുകളും എറിഞ്ഞ താരം 23 വിക്കറ്റുകള്‍ നേടിയിരുന്നു. ഓവൽ ടെസ്റ്റിൽ ഒമ്പത് വിക്കറ്റ് പ്രകടനം നടത്തിയ സിറാജ് തന്നെയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമൻ. മത്സരത്തിലെ ആദ്യ പന്ത് എറിയുന്ന ആവേശത്തിലും ഊർജ്ജത്തിലുമാണ് അവസാന പന്തും സിറാജ് എറിഞ്ഞത്.

Content Highlights: Mohammed Siraj response after ovel test

To advertise here,contact us