ട്വിസ്റ്റുകൾക്കും നാടകീയതകൾക്കുമൊടുവിൽ ഓവൽ ടെസ്റ്റിൽ വിജയം ഇന്ത്യയ്ക്കൊപ്പം. ഇംഗ്ലണ്ടിനെ ആറ് റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ത്രില്ലർ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്ത്തിയ 374 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ടിനെ 367 റണ്സിന് ഓള്ഔട്ടാക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.
അഞ്ചാം ദിവസം ആദ്യ സെഷനില് തകര്പ്പന് ബോളിങ്ങിലൂടെ ഇന്ത്യ ആവേശവിജയം സ്വന്തമാക്കുമ്പോൾ ക്രിക്കറ്റ് ആരാധകർ ആഘോഷിക്കുന്ന ഒരാളുണ്ട്, മുഹമ്മദ് സിറാജ്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഓവലിൽ ഇന്ത്യയുടെ വിജയത്തിന്റെ ശിൽപ്പി. നിർണായകമായ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് സ്വന്തമാക്കിയ പ്രസീദ്ധ് കൃഷ്ണയുമാണ് ഇന്ത്യയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്.
It's all over at the Oval 🤩FIFER for Mohd. Siraj 🔥🔥Scorecard ▶️ https://t.co/Tc2xpWNayE #TeamIndia | #ENGvIND pic.twitter.com/ffnoILtyiM
പരമ്പരയിലുടനീളം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനും മികച്ചതുമായ താരമായിരുന്ന സിറാജ്. അതുപോലെ അവസാന പന്തുവരെ ആ വിശ്വാസം കാത്തുസൂക്ഷിച്ച സിറാജിലേക്ക് തന്നെയായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനുള്ള നിയോഗം എത്തിച്ചേർന്നതും. ഹീറോ ആയി. നാലാം ദിനം ഹാരി ബ്രൂക്കിന്റെ നിർണായക ക്യാച്ച് കളഞ്ഞതിന്റെ പേരിൽ ഏറെ പഴികേട്ടെങ്കിലും ഒന്നും സിറാജിനെ തളർത്താനും മാത്രം പോന്നിരുന്നില്ല. പകരം ദൃഢനിശ്ചയത്തോടെ ഓവലിൽ ഇന്ത്യൻ പ്രതീക്ഷകളെ തോളിലേൽക്കുകയും ഇന്ത്യക്ക് അനുകൂലമായി മത്സരം തിരിച്ചുവിടുകയും ചെയ്തു.
അവസാന ഇന്നിങ്സിൽ അഞ്ച് നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് ഇന്ത്യക്ക് ആറ് റൺസിന്റെ വിജയം സമ്മാനിച്ചത്. ഇന്ത്യ ഉയര്ത്തിയ 374 റണ്സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിന് അവസാന ദിവസമായ ഇന്ന് വിജയിക്കാന് 35 റണ്സായിരുന്നു വേണ്ടിയിരുന്നത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റണ്സെന്ന നിലയില് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ സിറാജും പ്രസീദ്ധും ചേർന്ന് വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് ഓവലിൽ കണ്ടത്. പ്രസീദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തി, ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയാണ് ജാമി ഓവര്ട്ടണ് തുടങ്ങിയത്.
എന്നാല് തൊട്ടടുത്ത ഓവറില് തന്നെ സിറാജ് തന്റെ രക്ഷാപ്രവർത്തനത്തിന് മൂർച്ചകൂട്ടി. ജാമി സ്മിത്തിനെ (2) കീപ്പർ ജുറേലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറില് ഓവര്ട്ടണിനെ (9) വിക്കറ്റിന് മുന്നില് കുടുക്കി സിറാജ് വീണ്ടും ഇന്ത്യന് പ്രതീക്ഷകളെ ഉയർത്തി. 12-ാം പന്തില് ജോഷ് ടങ്ങിനെ ക്ലീൻ ബൗൾഡാക്കി പ്രസീദ്ധും മത്സരത്തെ അത്യാവേശകരമാക്കി.
എന്നാൽ അതിലും ആവേശകരമായ നിമിഷത്തിനാണ് ഓവൽ പിന്നീട് സാക്ഷിയായത്. ടങ്ങിന് പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലേക്ക്. വോക്സിനെ ഒരറ്റത്ത് നിര്ത്തി ഗസ് അറ്റ്കിന്സണ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. എന്നാല് പൊരുതിനിന്ന അറ്റ്കിന്സനെ 86-ാം ഓവറില് ക്ലീൻ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് ആവേശവിജയം സമ്മാനിച്ചു. പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറായി മാറിയ സിറാജ് തന്നെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
Content Highlights: Mohammed Siraj The Hero As India Clinch Famous Win vs England, Level Series 2-2