ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവും സങ്കടവും ഒരുപോലെ നൽകുന്ന വാർത്തയാണ് ഈ മണിക്കൂറുകളിൽ പുറത്തുവരുന്നത്. വർഷങ്ങൾക്ക് ശേഷം ചാംപ്യൻസ് ലീഗ് ട്വന്റി 20 അടുത്ത വര്ഷം സെപ്റ്റംബറോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ചുരുക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആലോചനയിലുണ്ട്. ഓസ്ട്രേലിയൻ മാധ്യമമായ ദി എജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത വർഷം ചാംപ്യൻസ് ലീഗ് പുനരാരംഭിക്കുകയാണെങ്കിൽ, താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങൾ തീരുമാനിക്കുന്നതായിരിക്കും ഐസിസിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പല താരങ്ങളും വ്യത്യസ്ത ടൂർണമെന്റുകളിൽ ഒന്നിലധികം ടീമുകൾക്കായി കളിക്കുന്നുണ്ട്. ചിലപ്പോൾ ഐപിഎൽ ടീമുകൾ നിക്ഷേപം നടത്തിയിരിക്കുന്ന വിദേശത്തെ അവരുടെ തന്നെ ടീമുകളിൽ ഒരേ താരങ്ങൾ കളിക്കുന്നുണ്ടാവും. അതുപോലെ ചാംപ്യൻസ് ലീഗിനായി ചിലവഴിക്കേണ്ട തുകയെ സംബന്ധിച്ച വിശദാംശങ്ങൾ ഐസിസി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2008ലാണ് ചാംപ്യൻസ് ലീഗ് ട്വന്റി 20 ടൂർണമെന്റ് എന്ന ആശയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നോട്ടുവെച്ചത്. ഇതിന് മുമ്പ് 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. ഐപിഎല്ലിന്റെ പ്രഥമ സീസൺ വൻവിജയമായിരുന്നു. ഇതിന് സമാനമായി എല്ലാ രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ സ്വന്തം രാജ്യത്ത് ഐപിഎൽ മാതൃകയിൽ ട്വന്റി 20 ടൂർണമെന്റുകൾ നടത്തി. ഇവിടെ നിന്നെല്ലാം വിജയിക്കുന്ന ടീമുകൾ നേർക്കുനേർ വരുന്ന ടൂർണമെന്റാണ് ചാമ്പ്യൻസ് ലീഗ് ട്വന്റി 20.
2008ൽ ആദ്യ ചാംപ്യൻസ് ലീഗ് ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുംബൈ ഭീകരാക്രമണം ഉണ്ടായത്. ഇതോടെ പ്രഥമ എഡിഷൻ ഉപേക്ഷിച്ചു. 2009ൽ ഓസ്ട്രേലിയൻ ടീം ന്യൂ സൗത്ത് വെയിൽസ് വിജയികളായി. പക്ഷേ ഐപിഎല്ലിന്റെ പകുതി പോലും ആരാധക പിന്തുണ നേടാൻ ചാംപ്യൻസ് ലീഗിന് സാധിച്ചില്ല.
ഓരോ വർഷം പിന്നിടുമ്പോഴും ചാംപ്യൻസ് ലീഗ് ട്വന്റി 20 കാണാൻ ആൾക്കാർ കുറഞ്ഞു വന്നു. ആദ്യ എഡിഷനിൽ രണ്ട് ഇന്ത്യൻ ടീമുകളാണ് ചാംപ്യൻസ് ലീഗിന് യോഗ്യത നേടിയത്. പിന്നീട് കൂടുതല് ആരാധകരെ ആകർഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള ടീമുകളുടെ എണ്ണം മൂന്നാക്കി ഉയര്ത്തി. 2014ൽ അവസാനമായി ചാംപ്യൻസ് ലീഗ് ട്വന്റി 20 നടന്നപ്പോൾ ഇന്ത്യയിൽ നിന്നും നാല് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. എന്നിട്ടും ആരാധക പിന്തുണ നേടാൻ ചാംപ്യൻസ് ലീഗിന് കഴിഞ്ഞില്ല. ഇതോടെ ആരാധകർക്ക് വേണ്ടാത്ത ടൂർണമെന്റ് ഉപേക്ഷിക്കാൻ അധികൃതർ തീരുമാനമെടുത്തു.
ചാംപ്യൻസ് ലീഗിന് എക്കാലവും ഇന്ത്യയായിരുന്നു വേദി. 2014ൽ അവസാനം നടന്ന ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സ് ചാംപ്യന്മാരായി. ടൂർണമെന്റിൽ രണ്ട് തവണ വീതം മുംബൈയും ചെന്നൈയും ചാംപ്യന്മാരായിട്ടുണ്ട്. ക്രിക്കറ്റ് കലണ്ടറിലേക്ക് ചാംപ്യൻസ് ലീഗ് തിരിച്ചുവരുമ്പോൾ അത് വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് അധികൃതർക്കുള്ളത്.
അതിനിടെ ടെസ്റ്റ് ക്രിക്കറ്റ് വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും ഐസിസി ആലോചിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഐസിസി ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായ സഞ്ജോഗ് ഗുപ്ത (ജിയോസ്റ്റാറിന്റെ സിഇഒ) ഉൾപ്പെടുന്ന എട്ടംഗ വർക്കിങ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് മുന്നിൽ ക്രിക്കറ്റ് കലണ്ടറിൽ വരുത്തേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ചുമതല.
ക്രിക്കറ്റിൽ ചില കഠിനമായ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടി വരുമെന്ന് സഞ്ജോഗ് ഗുപ്ത സൂചന നൽകുന്നു. ക്രിക്കറ്റ് ആരാധകർക്ക് എന്താണ് വേണ്ടതെന്ന് വളരെ വ്യക്തമായ സൂചനകളുണ്ട്. ക്രിക്കറ്റ് ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് നിർദ്ദേശിക്കാൻ ആവശ്യമായ കണക്കുകൾ തന്റെ കൈവശമുണ്ട്. ആരും വേണ്ടാത്ത ഒരു ഉൽപ്പന്നം നിങ്ങൾ തുടർന്നും വിപണിയിൽ ഇറക്കുകയാണെങ്കിൽ രണ്ട് പ്രശ്നങ്ങളുണ്ടാകും. ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
'ഒന്ന് - ഉല്പ്പന്നം നഷ്ടത്തിൽ തുടരും. രണ്ട് - ഉൽപ്പന്നത്തെ ആശ്രയിക്കുന്നവരും ബുദ്ധിമുട്ടിലാകും. ബ്ലാക്ക്ബെറി ഫോണുകൾ ഒരു ഘട്ടത്തിൽ അപ്രത്യക്ഷമായി. നമ്മൾ എല്ലാവരും ബ്ലാക്ക്ബെറിയുടെ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടാവും. അതിനോട് ഇഷ്ടം തോന്നാൻ ഒരു കാരണമുണ്ടാവും. പക്ഷേ മറ്റൊരു മികച്ച പ്രൊഡക്ട് വന്നപ്പോൾ ബ്ലാക്ബെറി അപ്രത്യക്ഷമായി' ഗുപ്ത വ്യക്തമാക്കി.
Content Highlights: Champions League T20 Is Back, but test cricket facing challanges