ടേണൊന്നും അധികമില്ലായിരുന്നു, ജഡേജക്ക് ഗിയർ മാറ്റാമായിരുന്നു; ഇതിഹാസ താരത്തിന്റെ വിലയിരുത്തൽ

ഇന്ത്യ 20 റൺസിന് തോറ്റപ്പോൾ ജഡ്ഡു പുറത്താകാതെ 61 റൺസ് നേടി

ലോർഡ്‌സ് ടെസ്റ്റ് മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ വിലയിരുത്തി മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ. നിതീഷ് കുമാർ റെഡ്ഡി പുറത്തായപ്പോഴെങ്കിലും ജഡേജ അറ്റാക്ക് ചെയ്ത് കളിക്കണമെന്നാണ് കുംബ്ലെ പറയുന്നത്. റിസ്‌ക് എടുക്കാൻ ജഡേജ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പതിയെ പന്തെറിഞ്ഞക്രിസ് വോക്‌സ്, സ്പിന്നർമാരായ ബഷീർ ജോയ് റൂട്ട് എന്നിവരെ ജഡേജക്ക് അറ്റാക്ക് ചെയ്യാമായിരുന്നു. അവർ ഓഫ് സ്പിന്നർമാരാണെന്നും പന്ത് ബാറ്റിൽ നിന്നും മാറിയാണ് സഞ്ചരിക്കുന്നതെന്നും എനിക്ക് അറിയാം. എന്നാലും അധികം ടേണൊന്നും പിച്ചിലില്ലായിരുന്നു. അതിനാൽ തന്നെ ഔട്ട്‌സൈഡ് എഡ്ജ് എടുക്കുമെന്നോ സ്പിൻ ചെയ്യുമെന്നോ പേടിക്കേണ്ടായിരുന്നു. ഇതിനേക്കാൾ കഠിനമായ പിച്ചിലും ബൗളിങ്ങിനെതിരെയും ജഡേജ കളിച്ചിട്ടുണ്ട്. അവൻ അവസരം എടുക്കമെന്ന് എനിക്ക് തോന്നി.

അത്തരം റിസ്‌ക് എടുക്കാൻ ജഡേജ തയ്യാറാവണമായിരുന്നു. അപ്പുറം സിറാജും ബുംറയും ആയതിനാൽ തന്നെ അവൻ കുറച്ച് സിംഗിളുകൾ ഒഴിവാക്കിയിരുന്നു എന്നാലും അവൻ ഗിയറ് മാറ്റാൻ ശ്രമിക്കാമായിരുന്നു,'കുബ്ലെ പറഞ്ഞു.

ടീം ഇന്ത്യ 71/5 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ജഡേജ ക്രീസിലെത്തിയത്. പിന്നീട് ടീം 112/8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന രണ്ട് വിക്കറ്റിൽ ജസപ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവരെ കൂട്ടുപിടിച്ച ജഡേജ ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചില്ല. ഇന്ത്യ 20 റൺസിന് തോറ്റപ്പോൾ ജഡ്ഡു പുറത്താകാതെ 61 റൺസ് നേടി.

ബുംറയും സിറാജും 84 പന്തുകളോളമാണ് ചെറുത്ത് നിന്നത്.

Content Highlights- Anil Kumble view on Jadeja's Batting in lords test

To advertise here,contact us