വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഓസീസിന്; രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം

നാലാം ദിവസം രാവിലെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം മത്സരത്തിൽ 133 റൺസിന്റെ തകർപ്പൻ വിജയത്തോടെയാണ് ഓസ്ട്രേലിയ പരമ്പര വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് 143 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 286, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സ് 243. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 253, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സ് 143.

നേരത്തെ നാലാം ദിവസം രാവിലെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 22 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി ഓസീസിന് നഷ്ടമായി. മൂന്നാം ദിവസം സ്റ്റീവ് സ്മിത്തിന്റെയും കാമറൂൺ ​ഗ്രീനിന്റെയും അർധ സെഞ്ച്വറികളാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

123 പന്തുകൾ നേരിട്ട അഞ്ച് ഫോറുകൾ സഹിതം ​ഗ്രീൻ 52 റൺസെടുത്തു. 119 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതമാണ് സ്റ്റീവ് സ്മിത്ത് 71 റൺസ് നേടിയത്. 60 പന്തിൽ നാല് ഫോറുകളോടെ ട്രാവിസ് ഹെഡ് 39 റൺസും സംഭാവന ചെയ്തു. വിൻഡീസിനായി ഷമർ ജോസഫ് നാല് വിക്കറ്റുകൾ വീഴ്ത്തി. ജെയ്ഡൻ സീൽസ്, അൽസാരി ജോസഫ്, ജസ്റ്റിൻ ​ഗ്രീവ്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസിനായി മികച്ച സ്കോർ കണ്ടെത്താൻ ആർക്കും സാധിച്ചില്ല. 34 റൺസെടുത്ത ക്യാപ്റ്റൻ റോസ്റ്റൺ ചെയ്സാണ് ടോപ് സ്കോറർ. ഷമർ ജോസഫ് 24 റൺസും സംഭാവന ചെയ്തു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 286 റൺസെടുത്തിരുന്നു. അലക്സ് ക്യാരി 63 റൺസും ബ്യൂ വെബ്സ്റ്റർ 60 റൺസും സംഭാവന ചെയ്തു. വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സിൽ 253 റൺസാണ് നേടിയത്. 75 റൺസെടുത്ത ബ്രണ്ടൻ കിങ് ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.

Content Highlights: Australia beat West Indies, Australia won by 133 runs

To advertise here,contact us