ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 14 വിക്കറ്റുകൾ. ഫാസ്റ്റ് ബൗളർമാരാണ് ഇതുവരെ വീണ മുഴവൻ വിക്കറ്റുകളും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 180 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ മറുപടി പറയുന്ന വെസ്റ്റ് ഇൻഡീസ് ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ വെസ്റ്റ് ഇൻഡീസിന് ഇനി 123 റൺസ് കൂടി വേണം.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജെയ്ഡൻ സീൽസിന്റെയും ഷമർ ജോസഫിന്റെയും കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ ഓസ്ട്രേലിയൻ ബാറ്റർമാർ പതറി. ഓപണർ ഉസ്മാൻ ഖ്വാജ 47, ട്രാവിസ് ഹെഡ് 59, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 28 എന്നിവരുടെ പ്രകടനം മാത്രമാണ് ഓസീസ് നിരയിൽ എടുത്തുപറയാനുള്ളത്. നാല് താരങ്ങൾക്ക് മാത്രമാണ് സ്കോറിങ്ങിൽ രണ്ടക്കം കാണാനായത്.
വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് അഞ്ച് വിക്കറ്റും ഷമർ ജോസഫ് നാല് വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് സ്വന്തമാക്കിയത് ജസ്റ്റിൻ ഗ്രീവ്സ് ആണ്. വിൻഡീസ് ബൗളിങ് നിരയിൽ ക്യാപ്റ്റൻ റോസ്റ്റൺ ചെയ്സ് മാത്രമാണ് ഏതാനും ഓവറുകൾ സ്പിൻ എറിഞ്ഞത്. ആകെ എറിഞ്ഞ 56.5 ഓവറിൽ നാല് ഓവർ ചെയ്സ് ബൗൾ ചെയ്തു.
ആദ്യ ഇന്നിങ്സിൽ മറുപടിക്ക് ഇറങ്ങിയ വെസ്റ്റ് ഇൻഡീസും ബാറ്റിങ് തകർച്ച നേരിട്ടു. ക്രെയ്ഗ് ബ്രാത്ത്വൈറ്റ് നാല്, ജോൺ ചാംപെൽ ഏഴ്, ജോമൽ വരികാൻ പൂജ്യം എന്നിങ്ങനെ സ്കോർ ചെയ്ത് മടങ്ങി. കീസി കാർത്തി 20 റൺസെടുത്തെങ്കിലും പാറ്റ് കമ്മിൻസിന്റെ ബൗളിങ്ങിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി പുറത്തായി. 23 റൺസോടെ ബ്രണ്ടൻ കിങ്ങും ഒരു റൺസുമായി ക്യാപ്റ്റൻ റോസ്റ്റൻ ചെയ്സുമാണ് ക്രീസിൽ.
Content Highlights: Pacers shine on 14-wicket in WIvsAUS opening day